ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് രാജിവെച്ചു

ദോഹ: ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ ബെല്‍ജിയം ടീമിന്റെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചു. ഇനി തുടരാനാകില്ലെന്ന് മാര്‍ട്ടിനെസ് രാജി പ്രഖ്യാപനം അറിയിച്ചുകൊണ്ട് വ്യക്തമാക്കി. ഇത് അവസാനമാണ്. ഈ ടൂര്‍ണമെന്റിന്റെ ഫലം എന്തായാലും ലോകകപ്പിന് മുമ്പ് താന്‍ തീരുമാനമെടുത്തിരുന്നുവെന്നും മാര്‍ട്ടിനെസ് അഭിപ്രായപ്പെട്ടു.

നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കാണാതെ പുറത്തായത്. ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിന് നോക്കൗട്ടില്‍ കടക്കാന്‍ വിജയം അനിവാര്യമായിരുന്നു. മൂന്നു കളികളില്‍ ഒരു ജയം സഹിതം മൂന്നുപോയിന്റ് മാത്രമാണ് ബെല്‍ജിയത്തിന് നേടാനായത്.

ഇതോടെ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയാണ് ലോകകപ്പില്‍ നിന്നും വിടവാങ്ങുന്നത്. ഏഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രോയ്ന്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ അണിനിരന്ന സുവര്‍ണ സംഘം നിരാശയോടെ ഖത്തര്‍ വിടുന്നു. ബെല്‍ജിയത്തിന്റേത് വയസ്സന്‍ പടയെന്ന ആക്ഷേപം ഉയര്‍ന്നപ്പോഴും കോച്ച്, സുവര്‍ണ നിരയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു.

Top