Belgian police arrest 16 in anti-terror raids

ബ്രസല്‍സ്: പാരീസില്‍ ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ബെല്‍ജിയത്തിലേക്ക് കടന്നു എന്നു കരുതുന്ന ഐഎസ് ഭീകരന്‍ സലാഹ് അബ്ദുള്‍സലാമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ ബെല്‍ജിയം പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അതേസമയം, കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഭീകരരെന്ന് സംശയയിക്കുന്ന പതിനാറു പേരെ കസ്റ്റഡിയിലെടുത്തു.

മൊലെന്‍ബീക്കില്‍ 19 റെയ്ഡുകളും ബ്രസല്‍സിലെ മൂന്ന് നഗരങ്ങളിലുമാണ് തുടര്‍ച്ചയായി മൂന്നാം ദിവസം റെയ്ഡ് നടന്നതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ എറിക് വാന്‍ ഡെര്‍സിപ്റ്റ് പറഞ്ഞു.

ആക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും പ്രവര്‍ത്തിക്കുന്നില്ല. മെട്രോ സര്‍വീസുകളും സബ്‌വേകളും നിര്‍ത്തിവച്ചു.

ആയിരത്തോളം സൈനിക ട്രൂപ്പുകളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. രാജ്യ തലസ്ഥാനമായ ബ്രസല്‍സില്‍ നാലു തലത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റിടങ്ങളില്‍ മൂന്നു തലത്തിലായാണ് സുരക്ഷാവിന്യാസം.

പാരീസ് മാതൃകയിലുള്ള ആക്രമണം ബെല്‍ജിയത്തില്‍ ഉണ്ടായേക്കാമെന്ന് ആശങ്കയുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തിന് ശേഷം പ്രധാനമന്ത്രി ചാള്‍സ് മൈക്കേല്‍ പറഞ്ഞു.

കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അറിയാമെന്നും എന്നാല്‍, രാജ്യത്തിന്റെ സുരക്ഷയെ കരുതി ഇതിനോട് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ക്രിസ്മസ് അടുത്തിരിക്കെ ജനത്തിരക്കേറുന്ന പ്രദേശമായ ഇവിടങ്ങളില്‍ വ്യാപാരവാണിജ്യ മേഖലയേയും സുരക്ഷാ സന്നാഹം ബാധിച്ചിട്ടുണ്ട്.

Top