യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ ഞെട്ടിച്ച് ബെല്‍ജിയന്‍ ക്ലബ്ബ് ആന്റ്വെര്‍പ്പ്

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ ഞെട്ടിച്ച് ബെല്‍ജിയന്‍ ക്ലബ്ബ് ആന്റ്വെര്‍പ്പ്. രണ്ടിനെതിരെ മൂന്നു ഗോളിന് ആണ് ആന്റ്വേര്‍പ്പിന്റെ അട്ടിമറി ജയം. 93-ാം മിനിറ്റില്‍ ആയിരുന്നു വിജയഗോള്‍. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മുന്‍ ചാമ്പ്യന്മാരെ ആന്‍ഡ്വെര്‍പ്പ് ഞെട്ടിച്ചു. 35 ആം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്സയെ ഒപ്പമെത്തിച്ചു. ആദ്യ പാതി 1-1ല്‍ അവസാനിച്ചു. 56 ആം മിനിറ്റില്‍ വീണ്ടും ആന്റ്വെര്‍പ്പ് ലീഡെടുത്തു. എന്നാല്‍ ബാഴ്സ വിട്ടുകൊടുത്തില്ല. ഇഞ്ചുറി സമയത്ത് ബാഴ്സ സമനില ഗോള്‍ കണ്ടെത്തി. മത്സരം സമനിലയില്‍ അവസാനിക്കുമെന്നിരിക്കെ ആന്റ്വെര്‍പ്പ് വിജയ ഗോള്‍ നേടി. ബാഴ്സ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എഫ്സി പോര്‍ട്ടോയാണ് ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയ മറ്റൊരു ടീം.

അത്ലറ്റികോ മാഡ്രിഡ് ലാസിയോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ആന്റോയിന്‍ ഗ്രീസ്മാന്‍, സാമുവല്‍ ലിനോ എന്നിവരാണ് ഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂനിച്ചിനോട് തോറ്റതോടെയായിരുന്നു ഇത്. ഗ്രൂപ്പില്‍ അവസാനക്കാരായ അവര്‍ക്ക് യുവേഫ യൂറോപ്പ കപ്പിനും യോഗ്യത നേടാനായില്ല.

നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി സമ്പൂര്‍ണ ജയവുമായി പ്രീ ക്വാര്‍ട്ടറിലെത്തി. റെഡ് സ്റ്റാര്‍ ബെലഗ്രേഡിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. സിറ്റിക്കായി ഹാമില്‍ട്ടന്‍, ഓസ്‌കാര്‍ ബോബ്, കാല്‍വിന്‍ ഫിലിപ്പ്സ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഫ്രഞ്ച് ക്ലബ് പിഎസ്ജിയും പ്രീ ക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായുള്ള മത്സരം 1-1ന് സമനിലയില്‍ അവസാനിക്കുകയും ന്യൂകാസില്‍ യുണൈറ്റഡ് മിലാനോട് തോല്‍ക്കുകയും ചെയ്തതോടെയാണ് പിഎസ്ജി നോക്കൗട്ടിലെത്തിയത്. ബൊറൂസിയ നേരത്തെ അവസാന പതിനാറിലെത്തിയിരുന്നു. ന്യൂകാസില്‍ പുറത്തായി.

 

Top