സെമിത്തേരിയില്‍ കിടന്നുറങ്ങി കര്‍ണാടക മുന്‍ മന്ത്രി ; അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പ്രതിക്ഷേധം

ബെലഗവി: ചില കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനായി ചിലർ സ്വീകരിക്കുന്ന നടപടികൾ വ്യത്യസ്തമാണ്.

അത്തരത്തിൽ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വേറിട്ട രീതിയില്‍ പ്രതിക്ഷേധം അറിയിക്കുകയാണ് കര്‍ണാടക മുന്‍ മന്ത്രിയായ സതീഷ് ജര്‍കിഹൊളി.

എല്ലാ വര്‍ഷവും ഒരു രാത്രി സെമിത്തേരിയില്‍ കിടന്നുറങ്ങിയാണ് ഇദ്ദേഹത്തിന്റെ പ്രതിക്ഷേധം.

വര്‍ഷം തോറും ഡിസംബര്‍ 6നാണ് ജര്‍കിഹൊളി സെമിത്തേരിയില്‍ അന്തിയുറങ്ങാനെത്തുന്നത്.

ജര്‍കിഹൊളി മാത്രമായി തുടങ്ങിയ ഈ പതിവ് ഇപ്പോള്‍ പിന്തുടരുന്നത് അമ്പതിനായിരത്തോളം ആളുകളാണ്.

ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് ഇപ്പോള്‍ ഈ ദിവസം ആഘോഷമാക്കുന്നത്.

അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു.

സെമിത്തേരിയുടെ നിലത്ത് മെത്ത വിരിച്ചാണ് എല്ലാവരും കിടന്നുറങ്ങുക. ജര്‍കഹൊളിക്ക് പിന്തുണയുമായി ഇത്തവണ ബിഎംടിസി ചെയര്‍മാന്‍ നാഗരാജ് യാദവും പരിപാടിയിൽ പങ്കെടുത്തു.

കര്‍ണാടകയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂര്‍ണമായും ഒഴിവാക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്നും, പ്രതിഷേധപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അടുത്ത വര്‍ഷം 60,000 പേരെയെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും ജര്‍കഹൊളി വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തിവാദികളെയും പ്രഗത്ഭരായ ചിന്തകരെയും ഉള്‍പ്പെടുത്തി അടുത്ത ഡിസംബര്‍ 6ന് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് നാല് തവണ എംഎല്‍എ ആയിട്ടുള്ള ജര്‍കിഹൊളിയുടെ തീരുമാനം.

Top