ബേക്കൽ ബീച്ച് പാർക്കിൽ മതിലിന്റെ പേരിൽ ബി.ആർ.ഡി.സി കൊള്ളയോ ?

കാസര്‍ഗോഡ് : രാജ്യത്തെ ആദ്യത്തെ ആസൂത്രിത ടൂറിസം പദ്ധതി ബേക്കല്‍ ടൂറിസത്തിന് കീഴില്‍ നിര്‍മ്മിച്ച ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ അടിസ്ഥാന സൗകര്യമൊരുക്കാതെ ലക്ഷങ്ങള്‍ മുടക്കി വന്‍ മതില്‍ നിര്‍മ്മിച്ച് ടൂറിസം വകുപ്പിന്റെ പണം ബി.ആർ.ഡി.സി ദുരുപയോഗം ചെയ്യുന്നു..

പ്രതിമാസം 6.5 ലക്ഷം രൂപക്കാണ് പാര്‍ക്ക് പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന് ലീസിന് നല്‍കിയെങ്കിലും പാര്‍ക്കിനകത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ബി.ആർ.ഡി.സി വര്‍ദ്ധിപ്പിച്ചിട്ടില്ല. വെയിലും മഴയും കൊള്ളാതെയിരിക്കാനുള്ള കൂടാരങ്ങളോ ബെഞ്ചോ നേരം സന്ധ്യക്ക് കത്തിക്കാന്‍ മിനി ഹൈമാസ് ലൈറ്റോ പാര്‍ക്കില്‍ ഒരുക്കിയിട്ടില്ല. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ പലതും തുരുമ്പെടുത്ത് നശിച്ചെങ്കിലും പാര്‍ക്കില്‍ പുതിയത് സ്ഥാപിക്കാന്‍ ബി.ആർ.ഡി.സി ഇതുവരെ തയ്യാറായിട്ടില്ല.

ഇതിനിടയിലാണ് പാര്‍ക്കിന്റെ കിഴക്ക് വശം 15 അടി ഉയരത്തില്‍ വന്‍ മതില്‍ 400 ഓളം മീറ്റര്‍ നീളത്തില്‍ 100 ല്‍ അധികം പില്ലറും ബീമും ഉപയോഗിച്ച് ചെങ്കല്ല് കൊണ്ട് ചിത്രം വരക്കാന്‍ ഒരു കോടി രൂപ ചിലവഴിച്ച് മതില്‍ നിര്‍മ്മിക്കുന്നത്. മതില്‍ വരുന്നതോടെ പാര്‍ക്കിനറ്റത്ത് അനാശാസ്യത്തിന് കൗമാരക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണെന്ന് ആക്ഷേപമുണ്ട്. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലേക്കും റോഡിലേക്കുള്ള കാറ്റു തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഈ വന്‍ മതില്‍ നല്ല കാറ്റ വീശിയാല്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്.

ബേക്കല്‍ ഡെസ്റ്റിനേഷന്‍ വളര്‍ത്താന്‍ അടിസ്ഥാന സൗകര്യമൊരുക്കേണ്ട ബി.ആർ.ഡി.സി ഒരു ആവശ്യവുമില്ലാത്ത വന്‍മതില്‍ നിര്‍മ്മിച്ച് പൊതു ധനം ധൂര്‍ത്തടിക്കുന്നതിനെതിരെ നാട്ടുകാര്‍ക്കും പരാതിയുണ്ട്.

Top