Bejoy Nambiar new film solow

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് പേരിട്ടു.’സോളോ’ എന്നാണ് ചിത്രത്തിന്റെ പേര്.

ബോളിവുഡില്‍ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകനാണ് ബിജോയ് നമ്പ്യാര്‍.

ദുല്‍ഖറിനെ നായകനാക്കി മലയാളത്തില്‍ അദ്ദേഹം ഒരുക്കുന്ന ആദ്യ ചിത്രമാണ് സോളോ. ബിജോയ്‌യുടെ തന്നെ നിര്‍മ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒന്നിനാണ് മലയാളത്തിലെ അരങ്ങേറ്റചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു പ്രോജക്ടിനെക്കുറിച്ച് ബിജോയ് നേരത്തേ പറഞ്ഞത്.

അനുരാഗ് കാശ്യപ് നിര്‍മ്മിച്ച്, രാജീവ് ഖണ്ഡേവാള്‍ നായകനായി, 2011ല്‍ പുറത്തുവന്ന ‘ശെയ്ത്താന്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബിജോയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ഹിന്ദിയിലും ഒപ്പം തമിഴിലുമായി ‘ഡേവിഡ്’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. വിക്രമായിരുന്നു ഇതില്‍ നായകന്‍. അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും പ്രധാന കഥാപാത്രങ്ങളായി ഈ വര്‍ഷമെത്തിയ ‘വസീറാ’ണ് അദ്ദേഹത്തിന്റെ അവസാന സംവിധാന സംരംഭം.

‘വസീറി’ന് ശേഷം മണിരത്‌നത്തിന്റെ പുതിയ ചിത്രം ‘കാട്രു വെളിയിടൈ’യുടെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ബിജോയ്.

അതേസമയം സത്യന്‍ അന്തിക്കാട് ചിത്രം ‘ജോമോന്റെ സുവിശേഷങ്ങളു’ടെ ചിത്രീകരണത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. താഴേക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന വിന്‍സെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥയാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’.

Top