ബെയ്‌റൂട്ട് സ്ഫോടന കേസ്; ജഡ്ജിക്കെതിരെ പ്രതിഷേധം, വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: കഴിഞ്ഞ വര്‍ഷം നഗരത്തിലെ തുറമുഖത്തുണ്ടായ വന്‍ സ്ഫോടനം അന്വേഷിക്കുന്ന ജഡ്ജിക്കെതിരായ പ്രതിഷേധത്തിനിടെ വ്യാഴാഴ്ച ബെയ്‌റൂട്ടില്‍ സായുധ സംഘര്‍ഷം. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജസ്റ്റിസ് കൊട്ടാരത്തിന് പുറത്തുള്ള പ്രതിഷേധത്തില്‍ ഹിസ്ബുള്ള ഗ്രൂപ്പും അതിന്റെ സഖ്യകക്ഷികളും ജഡ്ജ് തരേക് ബിതാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്താണ് വെടിവയ്പ്പിന് കാരണമായതെന്ന് വ്യക്തമല്ല. അസോസിയേറ്റഡ് പ്രസ്സിലെ ഒരു പത്രപ്രവര്‍ത്തകന്‍ പ്രതിഷേധത്തിനിടെ ഒരാള്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുന്നത് കണ്ടു.

ബെയ്‌റൂട്ടിലെ തുറമുഖ ഗോഡൗണില്‍ സുരക്ഷയില്ലാതെ സംഭരിച്ച നൂറുകണക്കിന് ടണ്‍ അമോണിയം നൈട്രേറ്റ് 2020 ഓഗസ്റ്റ് 4 ന് പൊട്ടിത്തെറിച്ച് കുറഞ്ഞത് 215 പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും, സമീപ പ്രദേശങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ലെബനന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിലൊന്നായ ഇത്, രാഷ്ട്രീയ വിഭജനങ്ങളും അഭൂതപൂര്‍വമായ സാമ്പത്തിക തകര്‍ച്ചയും വലച്ചിരുന്ന നാടിനെ തരിപ്പണമാക്കി.

Top