യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് അലോസരപ്പെടുത്തി; രൂക്ഷമായി അധിക്ഷേപിച്ച് ജയമോഹന്‍

ലയാളികളേയും മലയാള സിനിമയേയും രൂക്ഷമായി അധിക്ഷേപിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശം. യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛര്‍ദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാര്‍ഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹന്‍ എഴുതി.

ജയമോഹന്റെ ബ്ലോഗില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍

”തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല കാടുകളിലേക്കും അവര്‍ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ ചുരുങ്ങിയത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. സിനിമയിലുള്ളതുപോലെ കുടിച്ചശേഷം മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കില്‍ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂര്‍-ഊട്ടി റോഡോ പരിശോധിച്ചാല്‍ മതി. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികള്‍ കാണാം. ഇത്തരം കാര്യങ്ങള്‍ അവര്‍ അഭിമാനത്തോടെ സിനിമയില്‍ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങള്‍ പലതവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ വാഗമണ്‍ പുല്‍മേട്ടില്‍ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തില്‍കുമാര്‍ അവര്‍ എറിഞ്ഞ കുപ്പികള്‍ പെറുക്കി നീക്കിയിരുന്നു. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ഇവര്‍ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാവും ഉത്തരം. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയുകയുംചെയ്യും.

ഓരോ വര്‍ഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലില്‍ കുപ്പിച്ചില്ല് തറച്ചുകയറി വൃണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാന്‍ ആന ഡോക്ടര്‍ എന്ന നോവലെഴുതിയത്. എന്നാല്‍ ഈ സിനിമയുടെ സംവിധായകന്‍ ഇത് വായിച്ചിരിക്കാന്‍ സാധ്യതയില്ല. ഈ സിനിമയില്‍ തമിഴ്നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാര്‍ഥമാണ്. കേരളത്തിലെ വിവാഹങ്ങള്‍ക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. ഏത് കല്യാണത്തിനും മദ്യപര്‍ പ്രശ്‌നമുണ്ടാക്കുന്നു. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. തമിഴ്‌നാടും ഇപ്പോള്‍ കേരളത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്. മലയാള സിനിമയില്‍ സാധാരണക്കാര്‍ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുകൂട്ടമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ മുന്‍പും അവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ അവിടെയുണ്ടെങ്കില്‍ ഇത്തരം സംവിധായകര്‍ക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകള്‍ ആഘോഷിക്കുന്ന തമിഴ്‌നാട്ടുകാരെ ഞാന്‍ നികൃഷ്ടരായാണ് കാണുന്നത്.

സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ ‘പെറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിന്റെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്കുള്ളില്‍ പരിത്യാഗത്തിന്റേതായ ഒരു തലമുണ്ട്. സിനിമയുടെ അവസാനം അതിലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ.”-ജയമോഹന്റെ വാക്കുകള്‍. ജയമോഹന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ജനിച്ച ജയമോഹന്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ റ്റു എന്നിവയാണ് ജയമോഹന്‍ തിരക്കഥയൊരുക്കിയ മലയാള സിനിമകള്‍. അങ്ങാടി തെരു, കടല്‍, നാന്‍ കടവുള്‍, കാവ്യ തലൈവന്‍, പൊന്നിയിന്‍ സെല്‍വന്‍ 1,2, വിടുതലൈ-1 സര്‍ക്കാര്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ജയമോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുംപാതയോരം, ഉറവിടങ്ങള്‍, നൂറ് സിംഹാസനങ്ങള്‍, ആന ഡോക്ടര്‍ എന്നിവയാണ് അദ്ദേഹം മലയാളത്തില്‍ എഴുതിയ കൃതികള്‍.

Top