മൂത്രം വായ കൊണ്ട് വലിച്ചെടുത്തു; രക്ഷകനായി ഡോക്ടര്‍; വൈറലായി വീഡിയോ

ബെയ്ജിങ്: വിമാനയാത്രയ്ക്കിടെ ഗുരുതരാവസ്ഥയിലായ വയോധികന്റെ മൂത്രം വലിച്ചെടുത്തു ജീവന്‍ രക്ഷിച്ച് ഡോക്ടര്‍.ചൈനാ സൗത്തേണ്‍ എയര്‍വെയ്‌സിന്റെ ഗ്യാങ്ഷു ന്യൂയോര്‍ക്ക് യാത്രാ വിമാനം ആറു മണിക്കൂറിലധികം വൈകിയതിനു പിന്നാലെയാണ് യാത്രക്കാരന് ആകാശത്തുവച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.

തുടര്‍ന്ന് യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ക്യാബിന്‍ ക്രൂവിനെ അറിയിച്ചു. മൂത്രമൊഴിക്കാന്‍ സാധിക്കുന്നില്ലെന്നും വയോധികന്‍ വിമാനത്തിലെ ഉദ്യോഗസ്ഥരോടു പറഞ്ഞു. രോഗിക്കു കിടക്ക ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ക്യാബിന്‍ ക്രൂ യാത്രക്കാരില്‍ ഡോക്ടറുണ്ടെങ്കില്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു രക്ഷകനായി ഡോ. സാങ്ങിന്റെ രംഗപ്രവേശം.

ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ രോഗിയുടെ മൂത്രസഞ്ചിയില്‍ ഒരു ലിറ്ററിനടുത്ത് മൂത്രം കെട്ടിക്കിടക്കുന്നതായി കണ്ടെത്തുകയും മൂത്രസഞ്ചിക്കു പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ എത്രയും പെട്ടെന്നു മൂത്രം പുറത്തെത്തിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.

തുടര്‍ന്ന് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഡോക്ടര്‍ സാങ് വിമാനത്തില്‍ വെച്ച് തന്നെ ഓക്‌സിജന്‍ മാസക് സിറിഞ്ച് സൂചി, ബോട്ടില്‍ പാലിന്റെ കുഴല്, ടേപ് എന്നിവ ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കിയായിരുന്നു പരീക്ഷണം.

സിറിഞ്ച് ഉപയോഗിച്ച് മൂത്രം പുറത്തെത്തിക്കാന്‍ ഡോക്ടര്‍ ആദ്യം ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. തുടര്‍ന്നു വായ ഉപയോഗിച്ചു മൂത്രം വലിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂത്രത്തിന്റെ അളവു നിയന്ത്രിച്ചു പുറത്തെത്തിക്കാന്‍ ഇതായിരുന്നു ഏറ്റവും മികച്ച മാര്‍ഗമെന്നാണ് ഡോക്ടര്‍ സാങ് പറയുന്നത്.

37 മിനിറ്റിനുള്ളില്‍ 700 മുതല്‍ 800 മില്ലിലീറ്റര്‍ വരെ മൂത്രമായിരുന്നു ഇങ്ങനെ ഡോക്ടര്‍ പുറത്തെത്തിച്ചത്. ട്യൂബ് ഉപയോഗിച്ചു മൂത്രം വലിച്ചെടുത്ത ശേഷം കപ്പിലേക്കു തുപ്പിക്കളഞ്ഞാണു ഡോക്ടര്‍ വയോധികനെ രക്ഷിച്ചത്. രോഗിയുടെ അവസ്ഥ അറിയാന്‍ പുറത്തെടുത്ത മൂത്രം മുഴുവന്‍ ക്യാബിന്‍ ക്രൂ പാത്രത്തില്‍ ശേഖരിച്ചു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ഉടനെ രോഗിയെ ആശുപത്രിയിലേക്കു മാറ്റി.

Top