കൊറോണ വൈറസ്; 34 മലയാളികള്‍ ഉള്‍പ്പെടെ 64 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ കുടുങ്ങി

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്കു പടരുന്ന സാഹചര്യത്തില്‍ വുഹാന്‍ പ്രവിശ്യയില്‍ 34 മലയാളികള്‍ ഉള്‍പ്പെടെ 64 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്.

ഗതാഗത സൗകര്യം നിലച്ചതോടെയാണ് അവര്‍ പ്രതിസന്ധിയിലായത്. ഇവരെ ഉടനെ മടക്കിക്കൊണ്ടു വരാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

ചൈനയില്‍ നിന്ന് ഉത്ഭവിച്ച വൈറസ് ബാധ കാനഡ, ശ്രീലങ്ക, കംബോഡിയ, വിയറ്റ്‌നാം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു. ചൈനയില്‍ മാത്രം 4500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം ചൈനയിലെ വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ മടക്കിയെത്തിക്കാന്‍ പ്രത്യേക വിമാനം അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Top