രോഗിയായ മാതാവിനെ ജീവനോടെ കുഴിച്ചുമൂടി; മകന്‍ അറസ്റ്റില്‍

ബെയ്ജിങ്: രോഗിയായ മാതാവിനെ ജീവനോടെ കുഴിച്ചുമൂടിയ മകന്‍ അറസ്റ്റില്‍. വടക്കന്‍ ചൈനയിലാണ് ഞെട്ടിക്കുന്ന സംഭവം. മൂന്നു ദിവസത്തിന് ശേഷം സ്ത്രീയെ ശ്മശാനത്തിലെ അഴുക്ക് നിറഞ്ഞ കുഴിയില്‍ നിന്ന് പൊലീസ് ജീവനോടെ കണ്ടെത്തുകയായിരുന്നു.

സഹായത്തിന് വേണ്ടി നിലവിളിച്ച ഇവര്‍ അര്‍ധ ബോധാവസ്ഥയിലായിരുന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. മേയ് രണ്ടിന് മകന്‍ ഭാഗികമായി തളര്‍ന്ന അമ്മയെ വീല്‍ബാരോയില്‍ കൊണ്ടുപോയത് കണ്ടതായും പിന്നീട് അവര്‍ തിരിച്ചെത്തിയില്ലെന്നും പ്രതിയുടെ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലീസ് ഇയാളെ ഷാങ്‌സി പ്രവിശ്യയിലെ ജിങ്ബിയാനില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ അമ്മയെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് അവശനിലയിലായ മാതാവിനെ കണ്ടെത്തിയത്. കിടപ്പുരോഗിയായ 79 വയസുള്ള മാതാവിനെ പരിചരിച്ച് മടുത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് പ്രതി പറഞ്ഞതായി ചൈനയിലെ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

Top