മോദിയെ ഭയക്കണം ; ഇന്ത്യ വളരുകയാണെന്ന് സമ്മതിച്ച് ചൈന

ന്യൂഡല്‍ഹി : ഇന്ത്യയെ ഇനിയും കണ്ടില്ലെന്നും കേട്ടില്ലെന്നും വയ്ക്കാനാകില്ലെന്ന് ചൈന.

വളരെ വേഗം വളരുന്ന ഇന്ത്യയിലേക്കു ലോകശ്രദ്ധ മാറുന്നതു ചൈനീസ് സര്‍ക്കാര്‍ തിരിച്ചറിയുന്നുവെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നു.

കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഇന്ത്യ ചൈനയെപ്പോലെ മുന്നേറുകയാണ്. പകുതിയിലേറെയും യുവാക്കളുടെ സാന്നിധ്യം അവര്‍ക്കു മുതല്‍ക്കൂട്ടാണ്. ഇന്ത്യ ലോകത്തിനുമുന്നില്‍ വയ്ക്കുന്നതും അതിരുകളില്ലാത്ത ഈ മാനവശേഷിയാണ്.

സൗരോര്‍ജത്തിന്റെ കാര്യം മാത്രമെടുത്താലും ഇന്ത്യ വെല്ലുവിളികളില്ലാത്ത വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അതീവഗൗരവത്തില്‍ ചൈന എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ പ്രധാന ബൗദ്ധിക സ്ഥാപനമായ ആന്‍ബൗണ്ടാണ് ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റി വിശദമായി സംസാരിക്കുന്നത്. രാഷ്ട്രപുരോഗതിയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കോപ്പിയടിച്ചാല്‍ എന്തുണ്ടാകുമെന്നു പറയാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വ്യാപകമായി സൗരോര്‍ജ പാര്‍ക്കുകള്‍ നിര്‍മിക്കുകയാണ്. 100 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അടുത്ത അഞ്ചുവര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്.

സൗരോര്‍ജ വിപണിയില്‍ നിക്ഷേപക സൗഹൃദമായ വേറൊരു രാജ്യമില്ലെന്നതും മോദിയുടെ ഇന്ത്യയ്ക്കു ഗുണകരമാണ്. എന്തായാലും ഇനിയുള്ള കാലം ചൈന ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി.

Top