അന്തരീക്ഷ മലനീകരണം രൂക്ഷം ; ബെയ്ജിങ്ങില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

BEIJING

ബെയ്ജിങ്: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനം ബെയ്ജിങില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബെയ്ജിങ് മുനിസിപ്പല്‍ എന്‍വയോണ്മെന്റല്‍ പ്രൊട്ടക്ഷന്‍ മോണിറ്ററിങ് സെന്ററാണ് (ബിഎംഇഎംസി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലിനീകരണം സംബന്ധിച്ചു ചൈന നല്‍കുന്ന നാലു തലത്തിലുള്ള മുന്നറിയിപ്പു സംവിധാനത്തില്‍ ഏറ്റവും രൂക്ഷമായതിനു തൊട്ടു താഴെയുള്ള മുന്നറിയിപ്പാണിത്.

മാര്‍ച്ച് 12 മുതല്‍ 14-വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. ഇപ്പോള്‍ത്തന്നെ പുകമഞ്ഞ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാല്‍ ബെയ്ജിങ്ങിനെ ഏറെ അലട്ടുന്നുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. വ്യാവസായിക ഉല്‍പാദനം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണു നടപ്പാക്കുക.

അതേസമയം, പടക്കങ്ങള്‍ പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പുറത്തേക്കുള്ള യാത്രകളും വിനോദയാത്രകളും പരമാവധി ഒഴിവാക്കണമെന്നും പൊടി നിറഞ്ഞ നിര്‍മാണ പ്രവൃത്തികളില്‍ നിര്‍ത്തലാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാര്‍ച്ച് 14 വരെ മാത്രമേ മലിനീകരണ പ്രശ്‌നം കാണുകയുള്ളൂവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അന്തരീക്ഷത്തിലെ താപനില കുറയാന്‍ സാധ്യതയുള്ളതിനാല്‍ പുകമഞ്ഞ് ഇല്ലാതാകുമെന്നാണു കരുതുന്നത്.

2013-ലാണ് അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച മുന്നറിയിപ്പിനായി നാലു തലത്തിലുള്ള ‘കളര്‍ കോഡ്’ സംവിധാനം ചൈന തയാറാക്കിയത്. മൂന്നു ദിവസത്തിലേറെ തുടര്‍ച്ചയായി പുകമഞ്ഞുണ്ടായാല്‍ നല്‍കുന്ന റെഡ് അലര്‍ട്ട് ആണ് ഇതില്‍ ഏറ്റവും വലുത്. മൂന്നു ദിവസം വരെ പുകമഞ്ഞ് നിലനില്‍ക്കുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് രണ്ടു ദിവസമാണെങ്കില്‍ മഞ്ഞ നിറത്തിലുള്ള യെലോ അലര്‍ട്ടും ഒരു ദിവസമാണെങ്കില്‍ ബ്ലൂ അലര്‍ട്ടുമാണു നല്‍കുക.

2020-നകം മലിനീകരണത്തിനു പ്രതിനിധി കണ്ടെത്താനൊരുങ്ങുകയാണ് ചൈന. എന്നാല്‍ ഇത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും കഴിഞ്ഞ ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞിരുന്നു. ഇതിനു വേണ്ടി പുതിയ പദ്ധതിക്കും രൂപം നല്‍കാനൊരുങ്ങുകയാണ്.

പരിസ്ഥിതി മലിനീകരണമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം അതിന്റെ കാരണക്കാര്‍ തന്നെ ഏറ്റെടുക്കണമെന്നും, അവര്‍ക്കു സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുമെന്നും പക്ഷേ അതിനു വരുന്ന ചിലവ് മലിനീകരണത്തിന്റെ കാരണക്കാര്‍ തന്നെ നല്‍കണമെന്നും ഷി ചിന്‍പിങ് പറഞ്ഞു.

Top