പുതിയ കോവിഡ് കേസുകള്‍; ബെയ്ജിങ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ബെയ്ജിങ്: പുതിയ കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബെയ്ജിങ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഭരണകൂടം. നഗരത്തിലെ പഴം, പച്ചക്കറി, മാംസ മൊത്തവിതരണ കേന്ദ്രങ്ങള്‍ ചൈന അടച്ചു. അതേസമയം, നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ഷിന്‍ഫാദി മാര്‍ക്കറ്റ് അടച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുകയാണ്.

വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതോടെ സാല്‍മോണ്‍ മത്സ്യങ്ങളുടെ വിതരണവും ബെയ്ജിങ്ങിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നിര്‍ത്തിവെച്ചു. സാല്‍മോണ്‍ മത്സ്യത്തില്‍ വൈറസ് ഉണ്ടാവുമെന്ന് ഭയന്നാണ് വില്‍പന നിര്‍ത്തിവെച്ചത്. മത്സ്യത്തിന്റെ മൊത്ത വിതരണ കേന്ദ്രമായ ഷിന്‍ഫാദി മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.

സാല്‍മോണ്‍ മത്സ്യത്തിന്റെ വില്‍പന നിര്‍ത്തിയതോടെ ബെയ്ജിങ്ങിലെ ജാപ്പനീസ് റസ്റ്റോറന്റുകളും ഇതോടെ പ്രതിസന്ധിയിലായി. ഞായറാഴ്ച 57 പേര്‍ക്കാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ രണ്ടാം വ്യാപനം ചൈനയിലുണ്ടാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.

Top