കൊറോണ; പട്ടികളെയും പൂച്ചകളെയും തിന്നുന്നത് നിരോധിച്ച് ചൈന, നിയമം ഉടന്‍ പ്രാബല്യത്തില്‍

ബീജിങ്: കൊറോണ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പട്ടികളെയും പൂച്ചകളെയും തിന്നുന്നത് നിരോധിച്ച് ചൈനയിലെ ഷെന്‍ഷെന്‍ നഗരം. മെയ് ഒന്നിന് നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പാമ്പ്,തവള, ആമ എന്നിവക്കും നിരോധനം ബാധകമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം പാസാകുന്നത്. വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിക്കണമെന്ന് ചൈനീസ് സര്‍ക്കാരിനോട് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വന്യമൃഗങ്ങളുടെ വില്‍പ്പനയും ഉപഭോഗവും ചൈന ഇതിനകം നിരോധിച്ചിരുന്നു. പന്നി, പശു, ആട്, കഴുത, മുയല്‍, കോഴി, താറാവ് തുടങ്ങിയവയെ കഴിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപകമായപ്പോള്‍ മൃഗങ്ങളെ ആഹാരമാക്കുന്ന ചൈനീസ് ജനതയുടെ ഭക്ഷണ രീതിയാണ് അതിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.

Top