ഇന്ത്യക്കാര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ക്യാംപയിനുമായി എംബസി

മനാമ: ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി ബഹ്‌റൈനിൽ പ്രത്യേക ക്യാംപയിന് തുടക്കം കുറിച്ച് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്‍മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന ബഹ്‌റൈന്‍ സര്‍ക്കാരിന്റെ ദൗത്യം എത്രയും വേഗം സാക്ഷാല്‍ക്കരിക്കുന്നതിന് ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. വാക്‌സിന്‍ സ്വീകരിക്കാന്‍ ബാക്കിയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വിവരങ്ങള്‍ എംബസി തയ്യാറാക്കിയ ഗൂഗിള്‍ ഫോമിലൂടെ നല്‍കാം.

വിവിധ കാരണങ്ങളാല്‍ വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനോ വാക്‌സിന്‍ സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. വിസ കാലാവധി കഴിയുക, ഐഡി കാര്‍ഡ് ഇല്ലാതിരിക്കുക, പാസ്‌പോര്‍ട്ട് നഷ്ടമാവുക തുടങ്ങി വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ഇന്ത്യന്‍ പ്രവാസികള്‍ ബഹ്‌റൈനില്‍ ഒട്ടേറെയുണ്ടെന്നാണ് കണക്കുകള്‍. യാത്രാ വിലക്ക് കാരണം വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് തിരിക്കാന്‍ കഴിയാത്ത നിരവധി പേര്‍ ഇവിടെയുണ്ട്. അനധകൃതമായി താമസിക്കുന്നവര്‍ വേറെയും. ഇവര്‍ക്ക് ഉള്‍പ്പെടെ വാക്‌സിന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസിയുടെ ക്യാംപയിന്‍.

 

Top