ബഹ്‌റൈന്‍ ഗ്രാന്റ് പ്രീ മല്‍സരം; ടിക്കറ്റ് വിതരണം പരിമിതപ്പെടുത്തി

മനാമ: ബഹ്‌ററൈന്‍ ഗ്രാന്റ് പ്രീയുടെ ഭാഗമായി മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശക്തമായ നിയന്ത്രണങ്ങളുമായി സംഘാടകരായ ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ട്. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയോ കൊവിഡ് വന്ന് അതില്‍ നിന്ന് മുക്തി നേടുകയോ ചെയ്തവര്‍ക്കു മാത്രമായി ടിക്കറ്റ് വിതരണം പരിമിതപ്പെടുത്താനാണ് തീരുമാനം.

സാക്കിര്‍ സര്‍ക്യൂട്ടില്‍ മാര്‍ച്ച് 28ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ശക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ ശരീരോഷ്മാവ് കൂടുതലുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. മല്‍സര വേദിയില്‍ മുഴുവന്‍ സമയവും മാസ്‌ക്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി കോര്‍പറേറ്റ് ലോഞ്ച് സംവിധാനം ഇത്തവണ ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.

 

Top