യുവതിയെ ആക്രമിച്ച സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച പൊലീസ് സംഘത്തിനെ അഭിനന്ദിച്ച് ബെഹ്‌റ

കൊച്ചി : കൊച്ചിയിൽ അര്‍ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പൊലീസ് സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്.ഐമാരായ കെ.എക്‌സ്. തോമസ്, എം.ആര്‍. സരള, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എല്‍. അനീഷ്, പി.ജി. ശ്രീകാന്ത്, വി.എസ്. ശിഹാബുദ്ദീന്‍, വി. സിന്ധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഡി. രഞ്ജിത്ത് കുമാര്‍, പി.എ.

ഇഗ്‌നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവായത്.വിശദമായ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ ഒന്നിന് പൊലീസ് പ്രതിയെ പിടികൂടുകയും പരാതിക്കാരിയെ വിളിച്ചുവരുത്തി ആളെ തിരിച്ചറിയുകയും ചെയ്തു. നിരവധി ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പ്രതി. താന്‍ നേരിട്ട ദുരനുഭവവും അര്‍ധരാത്രിയില്‍ വളരെ പെട്ടെന്ന് പൊലീസ് സഹായം ലഭിച്ചതും വൈകാതെ തന്നെ പ്രതിയെ പിടികൂടിയതും ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ ഇ-മെയില്‍ മുഖേന അഭിനന്ദനം അറിയിച്ചിരുന്നു.

Top