ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ കിടന്നത് അപമാനകരം: പരിഹാസവുമായി ജയശങ്കര്‍

കൊച്ചി: ഗവര്‍ണറെ കടത്തിവിടാന്‍ ഗതാഗതം നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗതാഗതക്കുരുക്കിന്റെ പേരില്‍ ഡിജിപിയുടെ ശകാരം. പോലീസ് മേധാവിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാലാണ് പഴി കേള്‍ക്കേണ്ടിവന്നതെന്നാണ് ഒരുസംഘം പോലീസുകാരുടെ ആക്ഷേപം. ഈ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രോട്ടോക്കോള്‍ പ്രകാരം, ഗവര്‍ണറേക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന പൊലീസ് മേധാവിയുടെ സ്ഥാനം. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പൊലീസ് ആക്ടിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പൊലീസ് മേധാവിയുടെ പത്‌നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാന്‍ പോലും കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

സൗമ്യനും സ്‌നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ സാര്‍ . അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല. അതുകൊണ്ടു തന്നെ, ബെഹ്‌റ സാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും വിളിച്ചു വരുത്തി പാതിരാ വരെ ‘നില്‍പ്പ് ശിക്ഷ’ വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാര്‍ത്ത നുണയാകാനേ തരമുള്ളൂ.
പ്രോട്ടോക്കോള്‍ പ്രകാരം, ഗവര്‍ണറേക്കാള്‍ ഉയര്‍ന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആക്റ്റിലും മാന്വവലിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകാന്‍ വേണ്ടി പോലീസ് മേധാവിയുടെ പത്‌നി നടുറോഡില്‍ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്‌റയ്ക്ക് വേണമെങ്കില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മാരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാന്‍ പോലും കഴിയുമായിരുന്നു.
അദ്ദേഹം അതൊന്നും ചെയ്തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങള്‍ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം!

Top