എഡിജിപിയുടെ മകളുടെ പരാതി വ്യാജമെങ്കില്‍ നടപടിയെടുക്കുമെന്ന് ബെഹ്‌റ

behra

തിരുവനന്തപുരം: പൊലീസുകാരന്‍ മര്‍ദ്ദിച്ചെന്ന എഡിജിപി സുദേഷ്‌കുമാറിന്റെ മകളുടെ പരാതി വ്യാജമെങ്കില്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഡ്രൈവര്‍ ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്നതു വ്യാജ പരാതിയാണെന്നു കണ്ടെത്തിയാല്‍ എഡിജിപിയുടെ മകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും, ഫോളോവര്‍മാരെ തിരിച്ചയയ്ക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് ഒരു ദിവസം അനുവദിച്ചെന്നും, സമയപരിധിക്കുള്ളില്‍ തിരിച്ചയച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും, സംസ്ഥാനത്തെ ക്യാംപ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പു തുടരുകയാണെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ പണി ചെയ്യേണ്ട ആവശ്യമില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്ന തരത്തില്‍ കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഉന്നത പൊലീസുദ്യോഗസ്ഥരുടെ കൂടെ നിര്‍ത്തിയിരിക്കുന്ന പൊലീസുകാരെ തിരിച്ചു വിളിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പ് തുടങ്ങി കഴിഞ്ഞു. കണക്കെടുപ്പ് പ്രഹസനമാണെന്ന ആക്ഷേപവുമായി ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തു.

രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പൊലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നത്. രേഖയില്‍ കാണിക്കാതെ ഒട്ടേറെ പൊലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍ പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Top