2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായി

പട്‌ന: 2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായി.ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശും രണ്ടാം സ്ഥാനത്ത് പാകിസ്ഥാനുമാണ് പട്ടികയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യു എയര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 2023ലെ ഏറ്റവും മലിനമായ നഗരമായി ഇന്ത്യയിലെ ഈ നഗരമെത്തിയത്. വായുവില്‍ തങ്ങി നില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രതമായ പിഎം 2.5നെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. 134 രാജ്യങ്ങളില്‍ നിന്നായി 7812 നഗരങ്ങളാണ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്. മുപ്പതിനായിരത്തിലധികം വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

വായു ഗുണനിലവാരം കുറയുന്നത് ആസ്തമ, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ കുട്ടികളില്‍ വളര്‍ച്ചാ തകരാറുകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. 131 രാജ്യങ്ങളില്‍ നിന്നുള്ള 7323 നഗരങ്ങളെയാണ് 2022ലെ റിപ്പോര്‍ട്ട് തയ്യാറാക്കാനായി പരിഗണിച്ചത്. ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന സുരക്ഷിത പരിധിക്ക് പത്ത് മടങ്ങോളം അധികമാണ് ഇന്ത്യയിലെ വായുഗുണനിലവാരം. അഞ്ച് രാജ്യങ്ങളാണ് പിഎം2.5 മാനദണ്ഡങ്ങള്‍ പാലിക്കുന്നുള്ളുവെന്നാണ് പട്ടിക വിശദമാക്കുന്നു. ഓസ്‌ട്രേലിയ, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഗ്രെനാഡ, ഐസ്ലാന്‍ഡ്, മൌറീഷ്യസ്, ന്യൂസിലാന്‍ഡ് എന്നിവയാണ് ഇവ.

പിഎം2.5 നിര്‍ദ്ദേശം അനുസരിച്ച് ശരാശരി 5 മില്ലിഗ്രാമാണ് വായുഗുണനിലവാര തോത്. എന്നാല്‍ ഇന്ത്യയില്‍ ഇത് 54.4 മില്ലിഗ്രാമാണ്. അതായത് ശരാശരിയേക്കാള്‍ 10 മടങ്ങ് ഉയര്‍ന്ന നിലയിലാണ് രാജ്യത്തെ വായു മലിനീകരണം. ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നാല് നഗരങ്ങള്‍ ഇന്ത്യയിലാണ്. ഗുവാഹത്തി, ദില്ലി, മുല്ലന്‍പൂര്‍ എന്നിവയാണ് ഇവ. ഇന്ത്യയിലെ വായു ഗുണനിലവാര തോത് 2022നെ അപേക്ഷിച്ച് കൂടുതല്‍ മോശമായതാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 2022ല്‍ 53.3 മില്ലിഗ്രാം പിഎം2.5 കണ്ടെത്തിയ സ്ഥാനത്ത് 2024ല്‍ ഇത് 54.4 മില്ലിഗ്രാമാണ്. പട്ടികയിലെ ആദ്യ പത്തില്‍ 9 നഗരങ്ങളും ഇന്ത്യയില്‍ നിന്നുള്ളതാണ്. ലോകത്തിലെ വായു ഗുണനിലവാര തോതിനേക്കുറിച്ച് വ്യക്തമായ ആശങ്ക പങ്കുവയ്ക്കുന്നതാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള ആറ് നഗരങ്ങളെയാണ് പട്ടികയിലേക്ക് പരിഗണിച്ചതില്‍ ഇതില്‍ ഏറ്റവും മലിനമായത് തൃശൂര്‍ നഗരമാണ്.

Top