റമദാൻ വ്രതാരംഭത്തിന് തുടക്കം: ഇനി വ്രതശുദ്ധിയുടെ നാളുകൾ

കോഴിക്കോട്: ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആരാധനകളിൽ മുഴുകണമെന്നാണ് മതപണ്ഡിതർ നൽകുന്ന നിർദേശം. മാസ്‌കും സാമൂഹ്യ അകലവും ഉറപ്പ് വരുത്തി പള്ളികളിൽ എത്തിച്ചേരാനാണ് വിശ്വാസികളോട് നിർദേശിച്ചിരിക്കുന്നത്.

വീടും പരിസരവും അഴുക്കുകളിൽ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമദാനെ വരവേൽക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും.

അവസാനത്തെ പത്തിൽ പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ര്. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താർ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാർഥനയുടെ തിരക്കുകളിലായിരിക്കും.

Top