‘beggars savior ‘ of Kejriwal flow of congratulation on social media

ന്യൂഡല്‍ഹി : തലസ്ഥാന നഗരം ഭിക്ഷാടന മുക്തമാക്കാനുള്ള മന്ത്രിയുടെ തീരുമാനം വെട്ടി നിരത്തിയ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നടപടി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്.

സാമൂഹിക ക്ഷേമ മന്ത്രി സന്ദീപ് കുമാറിന്റെ പദ്ധതി മനുഷ്യത്വ രഹിതമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കെജ്‌രിവാള്‍ തള്ളിക്കളഞ്ഞത്.

സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് ചിന്തിക്കുന്നതില്‍ വച്ചേറ്റവും മനുഷ്യത്വ രഹിതമായ പദ്ധതിയാണിത് എത്രയും പെട്ടന്ന് നിര്‍ത്തിവയ്ക്കണമെന്നാണ് കെജ്‌രിവാള്‍ ഉത്തരവിട്ടിരുന്നത്.

മുഖ്യമന്ത്രി പരസ്യമായി എതിര്‍ത്തതോടെ പദ്ധതി ഉപേക്ഷിക്കാന്‍ വകുപ്പ് അധികൃതര്‍ക്ക് സന്ദീപ് കുമാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സന്ദീപ് കുമാര്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് സൂചന.

വകുപ്പ് സെക്രട്ടറിയോടു പോലും കൂടിയാലോചിച്ചിട്ടില്ലെന്നാണുവിവരം.ഭിക്ഷാടകരെ നഗരത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഇതിന് പത്തു സംഘങ്ങള്‍ക്കു മന്ത്രി രൂപം നല്‍കി.ഭിക്ഷാടകരെ കണ്ടെത്തി മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുക എന്നതായിരുന്നു ഇവര്‍ക്കുള്ള ചുമതല.

എന്നാല്‍, ഇത്തരത്തില്‍ ഭിക്ഷാടകരെ ഒഴിവാക്കുന്ന നടപടിയില്‍ ഒട്ടേറെ അപാകതകളുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നു പോലും ആക്ഷേപമുയര്‍ന്നു.

2010 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്‍പ് സ്വീകരിച്ച സമാന നടപടി വന്‍ പരാജയമായിരുന്നുവെന്ന് സമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ ചൂണ്ടി കാട്ടി.

ആയിരക്കണക്കിന് ഭിക്ഷക്കാരുള്ള ഡല്‍ഹിയില്‍ മറ്റുള്ളവര്‍ക്കെന്ന പോലെ ഭിക്ഷക്കാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാള്‍ പട്ടിണി കിടക്കാതെ ജീവിക്കാനുള്ള അവസരം ഇവര്‍ക്ക് ഉണ്ടാക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ട് മാത്രമെ പുനരധിവാസം വേണ്ടതെന്ന നിലപാടിലാണ്.

ഡല്‍ഹിയുള്‍പ്പെടെയുള്ള രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും ഭിക്ഷക്കാര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കാര്യം എന്തായാലും ഭിക്ഷക്കാരെ ഓടിക്കാനുള്ള മന്ത്രിയുടെ നീക്കം തടഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോയായിരിക്കുകയാണ്.

പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ കെജ്‌രിവാളിന് അനുകൂലമായ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്.

Top