മത്സരത്തിനു മുന്‍മ്പെ ബംഗ്ലൂരിന് തിരിച്ചടി ;ടീമിന്റെ അസിസ്റ്റന്റ് മാനേജര്‍ രാജിവെച്ചു

carles cuadrat

ന്യൂഡല്‍ഹി:  ഐഎസ്എല്‍ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സുമായി ബംഗ്ലൂരു നാളെ ഏറ്റുമുട്ടാനിരിക്കെ ബംഗ്ലൂരുവിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടീമിന്റെ അസിസ്റ്റന്റ് മാനേജര്‍ കാര്‍ലെസ് കുവാഡ്രാട് ടീമില്‍ നിന്നും രാജിവെച്ചു.

ശാരീരിക പ്രശ്‌നങ്ങളാണ് വിടവാങ്ങലിന് കാരണമെന്നാണ് കാര്‍ലെസ് അറിയിച്ചത്. കാല്‍പാദത്തിന് പരിക്ക് പറ്റിയിരുന്നതിനാല്‍ ബംഗളൂരിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്‍ലസ് പങ്കെടുത്തിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം കാര്‍ലസിന് രണ്ട്മാസത്തെ വിശ്രമം ആവശ്യമാണെന്നതിനാലാണ് താരം ടീമില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ബാഴ്‌സലോണയുടെ യൂത്ത്ക്ലബ് മാനേജര്‍ ആയിരുന്ന മാര്‍ക് ഹ്യുഗറ്റിനെ പുതിയ അസിസ്റ്റന്റ് മാനേജരായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ലെസിന്റെ അസാന്നിധ്യം ടീമിനു നികത്താനാവാത്ത നഷ്ടമാണെന്ന് ബംഗളൂര്‍ പ്രതിനിധി മുസ്തഫ ഗൂസെ വ്യക്തമാക്കി.

ഡിസംബര്‍ 31ന് കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തിലാണ് മഞ്ഞപ്പടയും ബംഗളുരുവും തമ്മില്‍ ഏറ്റുമുട്ടുന്നത്. പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലായിരിക്കും മത്സരം നടക്കുക. പുതുവര്‍ഷത്തലേന്ന് നടക്കുന്ന മത്സരത്തിന്റെ സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

മത്സരത്തിന്റെ കിക്കോഫ് 5.30നാണ് നടക്കുന്നതെങ്കിലും സ്റ്റേഡിയത്തില്‍ വൈകിയെത്തുന്നവര്‍ക്ക് മത്സരം കാണാനുള്ള അവസരം നഷ്ടമാകും. ടിക്കറ്റുണ്ടെങ്കിലും ആറ് മണിക്കു ശേഷം സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Top