ചൈനീസ് സൈന്യത്തിന്റെ പിന്മാറ്റം; ഡോവല്‍-യാങ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി-യും തമ്മില് നടത്തിയ വീഡിയോ കോള്‍ ചര്‍ച്ചയ്ക്ക് ശേഷം.

ഞായറാഴ്ച ഇരുവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. നിയന്ത്രണരേഖയിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്. ഭാവിയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളുയര്‍ന്നു.

ഇന്ത്യ-ചൈന പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവകരവും തുറന്നതുമായ ചര്‍ച്ചകള്‍ നടന്നതായാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. നിയന്ത്രണരേഖയില്‍ സമാധാനവും ശാന്തതയും ഉറപ്പുവരുത്തുന്നതിന് ഇരുസേനകളും പിന്മാറ്റം വേഗത്തിലേക്കേണ്ടതുണ്ട്.

ഇരുസേനാവിഭാഗങ്ങളും ഇതിന് സമ്മതിച്ചതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഡോവല്‍-യാങ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംഘര്‍ഷം നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയത്. ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലയില്‍ നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറി. ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്.

Top