ഓമിഡയാര്‍ നെറ്റ്‌വര്‍ക്കുമായുള്ള ബന്ധം പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്പ്: ജയന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഓമിഡയാര്‍ നെറ്റ്‌വര്‍ക്ക് എന്ന സ്ഥാപനവുമായി തനിക്ക് ബന്ധമുണ്ടായിരുന്നത് പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്പെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ.

ഈ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലായിരുന്നു പണമിടപാടുകള്‍ നടത്തിയതെന്നും, വ്യക്തിപരമായിട്ടുള്ള കാര്യങ്ങള്‍ക്കായി ആപ്പിള്‍ബൈയുമായി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഈ സ്ഥാപനത്തിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായിരുന്നു താന്‍. യുഎസ് കമ്പനിയായ ഡി.ലൈറ്റ് ഡിസൈനിനു വേണ്ടിയാണ് ഓമിഡയാര്‍ പ്രതിനിധിയായ താന്‍ ഇടപാടുകള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് പാരഡൈസ് പേപ്പറിലുള്ളതെന്നും ജയന്ത് സിന്‍ഹ അറിയിച്ചു.

2013 ലാണ് ഓമിഡയാര്‍ നെറ്റ് വര്‍ക്കില്‍ നിന്നും രാജിവെച്ചത്. 2012ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടത്, നടത്തിയ ഇടപാടുകളെല്ലാം നിയമപരമായിരുന്നുവെന്നും നികുതിവെട്ടിച്ചിട്ടില്ലെന്നും ജയന്ത് സിന്‍ഹ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Top