ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് തീരുമാനിക്കുമെന്ന് ബിസിസിഐ

BCCI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനെ അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുമുമ്പ് തീരുമാനിക്കുമെന്ന് ബിസിസിഐ.

2019 ജൂണില്‍ നടക്കുന്ന അടുത്ത ലോകകപ്പ് വരെയാകും അടുത്ത പരിശീലകന്റെ കാലാവധിയെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന അറിയിച്ചു.

നായകന്‍ വിരാട് കൊഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അനില്‍ കുംബ്ലെ കഴിഞ്ഞ ദിവസം പരിശീലക സ്ഥാനം രാജിവച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനു ശേഷം വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ഇംഗ്ലണ്ടില്‍ നിന്നും ബാര്‍ബഡോസിലേക്ക് വിമാനം കയറിയ ടീം ഇന്ത്യക്കൊപ്പം ചേരാതെയാണ് കുംബ്ലെ രാജി പ്രഖ്യാപിച്ചത്. ഇതിനു ശേഷം കൊഹ്ലിക്ക് തന്നോടുള്ള നീരസം വ്യക്തമാക്കി കുംബ്ലെ ട്വിറ്ററില്‍ കുറിപ്പിടുകയും ചെയ്തിരുന്നു.

നായകനും പരിശീലകനും തമ്മിലുള്ള ഉടക്ക് പരിഹരിക്കാന്‍ ബിസിസിഐ നേരിട്ടിറങ്ങിയിരുന്നതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആക്ടിംഗ് സെക്രട്ടറി കുംബ്ലെയോടും കൊഹ്ലിയോടും വിശദമായി സംസാരിച്ചു. ബിസിസിഐ ഇടക്കാല സമിതി അധ്യക്ഷന്‍ വിനോദ് റായ്യുമായും ബോര്‍ഡ് വിശദമായി അഭിപ്രായം ആരാഞ്ഞു. ഇവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ പുറത്തേക്കുപോകാന്‍ കുംബ്ലെ തീരുമാനമെടുക്കുകയായിരുന്നു.

ബിസിസിഐ ടീം ഇന്ത്യക്ക് പുതിയ പരിശീലകനെ തേടുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് പുതിയ പരിശീലകനെത്തും. ഏറ്റവും മികച്ചയാളാവും പുതിയ പരിശീലകനെന്നും ശുക്ല പറഞ്ഞു.

Top