വനിതാ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

തൃശൂർ : അതിരപ്പിള്ളി കൊന്നക്കുഴിയിൽ വനിതാ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.വി വിനയരാജിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ്തല നടപടി. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരിയാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസറായ എം വി വിനയരാജിനെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ മാസം 23 ന് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായതായും ആരോപണമുണ്ട്. എന്നാല്‍ പരാതിക്കാരി ഉറച്ച് നിന്നതോടെയാണ് മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354, 509, 506, 376 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസെടുത്ത ശേഷം ഉദ്യോഗസ്ഥൻ ഒളിവിലാണെന്ന് അതിരപ്പിള്ളി പൊലീസ് പറയുന്നു. ഓഫീസിലും ജോലിക്ക് എത്തിയിട്ടില്ല. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്.

Top