ബിയര്‍ നിര്‍മ്മാണം: മൂന്ന് കമ്പനികള്‍ അപേക്ഷയുമായി സര്‍ക്കാരിനെ സമീപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ബിയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ അപേക്ഷയുമായി മൂന്ന് സ്ഥാപനങ്ങള്‍. കണ്ണൂര്‍, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ ബിയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ (ബ്രൂവെറികള്‍) സ്ഥാപിക്കാനാണ് അനുമതി തേടിയിരിക്കുന്നത്.

മദ്യവ്യവസായവുമായി നേരിട്ട് ബന്ധമുണ്ടെങ്കിലും പുതിയ കമ്പനികളുടെ പേരിലാണ് മൂന്ന് അപേക്ഷകളും.

നിലവില്‍ മൂന്ന് ബിയര്‍ നിര്‍മാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്തെ ഉപഭോഗത്തിന് ആവശ്യമായ ബിയര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് ഇപ്പോള്‍ ബിയര്‍ എത്തിക്കുന്നത്. ഇതുവഴി ചരക്കുകൂലിയിലുണ്ടായ വര്‍ധന വന്‍തിരിച്ചടിയാണ്.

വിദേശമദ്യം നിര്‍മിക്കുന്നതിനുള്ള ഡിസ്റ്റിലറികള്‍ക്കും ബിയര്‍ ഉത്പാദിപ്പിക്കുന്ന ബ്രൂവെറികള്‍ക്കും അനുമതി നല്‍കുന്നതിന് നിലവിലെ നിയമപ്രകാരം തടസ്സമില്ല. സമൂഹത്തില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകാരണം 2000-നുശേഷം പുതിയ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ബിയര്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനുള്ള നീക്കം സജീവമാണ്.

Top