ബീഫ് ഉപയോഗിച്ചതിന് ഭീഷണി: ഗുഡ്ഗാവില്‍ മലയാളിയുടെ ഹോട്ടല്‍ പൂട്ടിച്ചു

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ഡല്‍ഹിക്കടുത്തുള്ള ഗുഡ്ഗാവില്‍ ഒരു സംഘം അക്രമികള്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി. ഗോള്‍ഫ് കോഴ്സ് റോഡില്‍ കേരള വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലാണ് പൂട്ടിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദലിയുടെതാണ് ഹോട്ടല്‍.

രണ്ടാഴ്ച്ച മുന്‍പ് ഒരാള്‍ ഹോട്ടലിലെത്തി ഭക്ഷണങ്ങള്‍ പരിശോധിച്ചു. പിന്നാലെ എത്രയും വേഗം ഹോട്ടല്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ഹോട്ടലിലെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഹോട്ടല്‍ പൂട്ടേണ്ടി വരികയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്.

സൗത്ത് ഡല്‍ഹിയിലുള്ള മുഹമ്മദലിയുടെ മറ്റൊരു ഹോട്ടലിനും സമാനമായ ഭീഷണി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കേണ്ടിയും വന്നിരുന്നു. ഡല്‍ഹിയിലെ ഗാസിര്‍പുര്‍ മാര്‍ക്കറ്റിലെ സര്‍ക്കാര്‍ അംഗീകൃത അറവ് ശാലയില്‍ നിന്നാണ് ഇറച്ചി വാങ്ങുന്നതെന്ന് മുഹമ്മദലി പറഞ്ഞു. എല്ലാ അനുമതികളും ഹോട്ടല്‍ നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ട്. എന്നിട്ടും നിയമപരമായി ഹോട്ടല്‍ നടത്തുന്നതില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മുഹമ്മദലി പറഞ്ഞു.

Top