പുല്‍വാമ സംഭവം നടന്നപ്പോള്‍ മോദി ബീഫ് ബിരിയാണി തിന്ന് ഉറങ്ങുകയായിരുന്നു: ഒവൈസി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം മുന്‍നിര്‍ത്തി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ മേധാവി അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ബീഫ് ബിരിയാണിയും തിന്ന് മോദി കിടന്നുറങ്ങുകയായിരുന്നുവെന്ന് ഒവൈസി പറഞ്ഞു.

”ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ബാലക്കോട്ടില്‍ 300 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു. ബാലക്കോട്ടിലെ 300 മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ കഴിയുന്ന നിങ്ങള്‍ക്ക് പുല്‍വാമയില്‍ മൂക്കിന് താഴെ 50 കിലോ ആര്‍.ഡി.എക്‌സ് കണ്ടെത്താന്‍ കഴിയാതെ പോയത് വന്‍ വീഴ്ചയാണ്”- ഒവൈസി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്‌നാഥ് സിംഗും ബീഫ് ബിരിയാണിയും തിന്ന് ഉറങ്ങുകയായിരുന്നോ എന്നും ഒവൈസി ചോദിച്ചു.ഒരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചിലരുടെ വാദം ഇന്ത്യയില്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ ഉണ്ടെന്നാണ് എന്നാല്‍ ശരിക്കും ബി.ജെ.പി എന്നൊരു ദേശീയ പാര്‍ട്ടി മാത്രമേ ഉള്ളൂവെന്നാണ് എന്റെ അഭിപ്രായം. കോണ്‍ഗ്രസ് ബി.ജെ.പിയുടെ മറ്റൊരു പാര്‍ട്ടിയായി പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരികയാണെന്നും ഒവൈസി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കുമെന്നും ഒവൈസി പറഞ്ഞു. തന്റെ പോരാട്ടം രാജ്യത്തെ മതേതരത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top