ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: പ്രതികളെ സഹായിച്ച ഡോക്ടറുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

leena-mareia-paul

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതികളെ സഹായിച്ചത് കൊല്ലത്തെ ഒരു ഡോക്ടറാണെന്ന വിവരത്തെ തുടര്‍ന്ന് കൊല്ലത്തും കാസര്‍കോടും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ഡോക്ടറുടേയും ഭാര്യയുടേയും വീടുകളിലാണ് റെയ്ഡ് നടത്തിയത്.

നടി ലീനാ മരിയപോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതും പ്രതികള്‍ക്ക് കൊച്ചിയില്‍ താമസ സൗകര്യം ഒരുക്കിയതും ഇവരാണെന്നാണ്‌ പൊലീസ് സംശയിക്കുന്നത്.

അതേസമയം കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രമാണിത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന അടക്കുമുളള വകുപ്പുകളാണ് രവി പൂജാരിക്കെതിരെ ചേര്‍ത്തിരുന്നത്. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തതിന് ശേഷമാണ്
കേസില്‍ രവി പൂജാരിയുടെ ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചത്.

ഡിസംബര്‍ 15 നായിരുന്നു കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസ് ഉണ്ടായത്. എന്നാല്‍ അതിന് മുന്‍പ് തന്നെ രവി പൂജാരിയെന്ന അധോലോക കുറ്റവാളിയില്‍ നിന്നും നടി ലീനാമരിയ പോളിന് 25 ലക്ഷം ആവശ്യപ്പെട്ടുള്ള ഭീഷണിയുണ്ടെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് ഈ വിവരം നല്‍കിയത് ഈ ഡോക്ടറായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്.തുടര്‍ന്നാണ് ഇയാളിലേക്ക് വിശദമായ അന്വേഷണം നീളുന്നത്.

Top