ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് : രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി : അധോലോക കുറ്റവാളി രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്നും ചോദ്യം ചെയ്യും.കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രവി പൂജാരി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കൂടുതൽ അറസ്റ്റിലേയ്ക്ക് വഴിതെളിക്കുമെന്നാണ് സൂചന. ഇയാളുടെ കേരളത്തിലെ ഇടനിലക്കാരനെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.

ബ്യൂട്ടി പാർലർ ഉടമ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് കാസർകോഡ് ഉള്ള ഗുണ്ടാ സംഘത്തിനായിരുന്നു എന്ന് രവി പൂജാരി വെളിപ്പെടുത്തിയിരുന്നു. പാർലറിന് നേരെ വെടിവെപ്പ് നടത്തുക വഴി നടിയുടെ പക്കലുള്ള 25 കോടിയുടെ ഹവാല പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

അതേസമയം കൊച്ചിയിൽ ഇടനിലക്കാരനായി ഒരാൾ പ്രവർത്തിക്കാതെ അത്തരത്തിലൊരു ഓപ്പറേഷൻ നടത്താൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തുന്നത്. ഈ മാസം എട്ട് വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാർലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിർത്തതെന്ന് ലീന മൊഴിയും നൽകി. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരിൽ ഒരാൾ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

 

Top