ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ് ; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും

leena-mareia-paul

കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പ് കേസില്‍ അന്വേഷണ സംഘം അന്യ സംസ്ഥാനങ്ങളില്‍. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ രവി പൂജാരിയുടെ അധോലോക സംഘവുമായി ബന്ധമുള്ളവരെ അന്വേഷിച്ചാണ് പൊലീസ് മറ്റു സംസ്ഥാനങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയച്ചിട്ടുള്ളത്.
അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും സമയമാകുമ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി രംഗത്തെത്തിയിരുന്നു. മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേയെന്നും ലീന മരിയ പോളല്ല തന്റെ ലക്ഷ്യമെന്നും 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി കൂട്ടിച്ചേര്‍ത്തു.

കേസില്‍ നടി ലീന മരിയ പോള്‍ ഇന്നു പൊലീസിനു മൊഴിനല്‍കാന്‍ എത്തുമെന്നാണു വിവരം. ലീനയും സംഘവും തട്ടിയെടുത്ത 25 കോടി ആവശ്യപ്പെട്ടാണു തന്റെ ആളുകള്‍ സലൂണിലെത്തിയതെന്നു രവി പൂജാരി എന്ന് അവകാശപ്പെട്ടൊരാളുടെ ഫോണ്‍ കോള്‍ വന്നിരുന്നു. ഇതു സംബന്ധിച്ച വിശദവിവരം തേടിയാണു ഹാജരാകാന്‍ ലീനയോടു പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 15 നായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.

Top