ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: കടവന്ത്ര ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പു കേസിലെ പിടികിട്ടാപ്പുള്ളി കാസര്‍കോട് ഉപ്പള സ്വദേശി യൂസഫ് സിയ (ജിയ) അറസ്റ്റിലായി. വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുംബൈ വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. നടിയും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയുമായ ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പു നടത്താനും ഭീഷണിപ്പെടുത്തി പണം അപഹരിക്കാനും രാജ്യാന്തര കുറ്റവാളി രവി പൂജാരിക്കു ക്വട്ടേഷന്‍ നല്‍കിയതു യൂസഫ് സിയയാണ്.

വെടിവയ്പില്‍ സിയയുടെ പങ്കാളിത്തത്തെകുറിച്ചു രവിപൂജാരിയുടെ കേസന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനു (എടിഎസ്) മൊഴി നല്‍കിയിരുന്നു. ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന കാസര്‍കോട് സംഘത്തിന്റെ തലവനാണു യൂസഫ് സിയെന്നു തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. 4 കൊലക്കേസുകളിലും സിയയ്ക്കു പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.

കേസിലെ മറ്റൊരു പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി ഡോ.അജാസിനു ദുബായിയില്‍ ഒളിത്താവളം ഒരുക്കിയിരിക്കുന്നതും സിയയാണ്. 2018 ഡിസംബര്‍ 15നുണ്ടായ വെടിവയ്പിനു ശേഷം വിദേശത്തേക്കു കടന്ന സിയ വ്യാജപാസ്‌പോര്‍ട്ടില്‍ എപ്പോഴാണു നാട്ടില്‍ മടങ്ങിയെത്തിയതെന്നു വ്യക്തമല്ല.

കേസിലെ മുഖ്യപ്രതി രവി പൂജാരിയെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശിയായ ഗുണ്ടാ നേതാവ് മോനായിയാണു ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ മംഗലാപുരത്തെ ക്വട്ടേഷന്‍ സംഘത്തിനെ നിയോഗിച്ചതെന്നായിരുന്നു അതുവരെയുണ്ടായിരുന്ന വിവരം. എന്നാല്‍ രവി പൂജാരിയുടെ അറസ്റ്റോടെ യൂസഫ് സിയയുടെ പങ്കാളിത്തം പുറത്തുവന്നു.

 

Top