ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്‌; അക്രമി സംഘം ഉപേക്ഷിച്ച കുറിപ്പ് ശാസ്ത്രീയമായി പരിശോധിക്കും

leena-mareia-paul

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്‌ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവ സ്ഥലത്ത് രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കുവാനുള്ള നീക്കത്തിലാണ് പൊലീസ്.

കുറിപ്പിലെ ഹിന്ദി അക്ഷരങ്ങള്‍ മലയാളിയുടേതെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാല്‍ അന്വേഷണത്തിന് ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ സാധാരണ എഴുതുന്ന രീതിയിലുള്ളതല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടനയെന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കുവാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ് നടത്തിയ സംഭവത്തില്‍ പാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ് നടന്നത്.

മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ ഭീഷണിയുണ്ടെന്നും നടി മൊഴി നല്‍കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടര്‍ന്നിരുന്നു. 25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിലാണ് ഭീഷണി വന്നിരുന്നത്. നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ, ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.

Top