വെസ്റ്റ് ഇന്‍ഡീസിന് ദയനീയ തോല്‍വി ട്വന്റി-20യിലും വിജയം കിവീസിനൊപ്പം

മൗണ്ട് മോംഗനുയി: ന്യൂസിലന്‍ഡ് പര്യടനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ദയനീയ തോല്‍വി. ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ക്ക് പിന്നാലെ ട്വന്റി-20യിലും ജയം കിവീസിന് ഒപ്പം നിന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ 119 റണ്‍സിന്റെ സമ്പൂര്‍ണ പരാജയമാണ് സന്ദര്‍ശകര്‍ ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് 20ന് നേടി. പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന്റെ വിജയവഴി തെളിച്ചത് കോളിന്‍ മണ്‍റോയാണ്. 53 പന്തില്‍ 103 റണ്‍സ് നേടിയ മണ്‍റോയുടെ മികവില്‍ കിവീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 243 റണ്‍സ് അടിച്ചുകൂട്ടി. 10 സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു മണ്‍റോയുടെ മൂന്നാം ട്വന്റി20 സെഞ്ചുറി. അന്താരാഷ്ട്ര തലത്തില്‍ മൂന്ന് ട്വന്റി20 സെഞ്ചുറി നേടിയ ആദ്യ താരമായി മണ്‍റോ മാറി.

മണ്‍റോ-മാര്‍ട്ടിന്‍ ഗുപ്റ്റില്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 136 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഗുപ്റ്റില്‍ 63 റണ്‍സ് നേടി. ടോം ബ്രൂസ് (23), കെയ്ന്‍ വില്യംസണ്‍ (19) എന്നിവരും തിളങ്ങി. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്‌വൈറ്റ് രണ്ടു വിക്കറ്റ് നേടി.

Top