Beach, Water-skis, Massage: Luxury ‘Jail’ For AIADMK MLAs

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ എന്ത് വിലകൊടുത്തും രാഷ്ട്രീയ പിന്തുണ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വവും.

ശശികലക്കെതിരെ ആഞ്ഞടിച്ച കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം എം.എല്‍.എമാരെ തന്നോടൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശശികല എം.എല്‍.എമാരെ രഹസ്യസങ്കേതത്തിലേക്ക് മാറ്റിയത്.

ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലാണ് ഇവരെ മാറ്റിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടല്‍ത്തീരം, മസാജിങ്ങ്, വാട്ടര്‍ സ്‌കീയിങ് എന്നീ സൗകര്യങ്ങളാണ് ഈ ഹോട്ടലുകളില്‍ എംഎല്‍എമാര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.

പനീര്‍ശെല്‍വത്തിനൊപ്പം നില്‍കുമെന്ന് ഭയന്ന് എം.എല്‍.എമാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും ടെലിഫോണോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും സൂചനയുണ്ട്. അതേസമയം കാലുമാറിയേക്കുമെന്ന് സംശയമുള്ള ചില എം.എല്‍.എമാരെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, എം.എല്‍.എമാരിലൊരാളായ എസ്.പി ഷണ്‍മുഖാനന്ദന്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന ഹോട്ടലില്‍ നിന്ന് മുങ്ങി പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

പാര്‍ട്ടിയിലെ 134 എം.എല്‍.എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍, ഇവരില്‍ അഞ്ച് എം.എല്‍.എമാര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ശശികല രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയ എം.എല്‍.എമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. എം.എല്‍.എമാര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്ന് ഡി.എം.കെ നേതാവ് കനിമൊഴി എം.പിയും പ്രതികരിച്ചു.

Top