താനൊരു സമുദായ നേതാവ് ആയതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ടതെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ദുബായ് : താനൊരു സമുദായ നേതാവ് ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറും തന്റെ കേസില്‍ ഇടപെട്ടതെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറ്റ് സമുദായ നേതാക്കള്‍ കേസില്‍ പെട്ടാലും ഈ ഇടപെടലുണ്ടാകും. എന്നാല്‍, ഗോകുലം ഗോപാലന്‍ സമുദായ നേതാവ് അല്ലെന്നും തുഷാര്‍ പറഞ്ഞു.

അതേസമയം ചെക്ക്കേസില്‍ കോടതിക്ക് പുറത്ത് നാസില്‍ അബ്ദുല്ലയുമായി ഇനി ഒത്തുതീര്‍പ്പ് ശ്രമമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസിനെ വര്‍ഗീയവല്‍ക്കരിക്കാനുളള ശ്രമം ദുഖകരമാണെന്നും തുഷാര്‍ പറഞ്ഞു. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് പരാതിക്കാരനായ നാസിലിന്റെ ശബ്ദസന്ദേശം. ശബ്ദരേഖ പുറത്തുവന്നതോടെ കേസില്‍ നാസില്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും തുഷാര്‍ പറഞ്ഞു. സിവില്‍ കേസ് കോടതി തള്ളിയതാണെന്നും തുഷാര്‍ വ്യക്തമാക്കി.

തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ അജ്മാനിലെ നാസില്‍ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തു വന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.ഇയാളുടെ പേര് സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

തുഷാര്‍ കുടുങ്ങിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

Top