എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്ക്

bdjs

തിരുവനന്തപുരം : എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്ക്. ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ശനിയാഴ്ച തിരുവനന്തപുരത്ത് കണ്‍വെന്‍ഷന്‍ ചേരും. സംസ്ഥാനതലത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന.

എട്ട് ജില്ലകളില്‍ നിന്നുള്ള നിലവിലെ ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ കുറച്ച് നാളായി ബി.ഡി.ജെ.എസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് പിളര്‍പ്പിലേക്ക് നയിച്ചത്. ബി.ഡി.െജ.എസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ കുറച്ച് നാളായി തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ബി.ഡി.ജെ.എസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് പുതിയ പാര്‍ട്ടി രൂപവല്‍ക്കരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചത്.

പാര്‍ട്ടിക്കുള്ളിലെ ചിലരുടെ ഏകാധിപത്യപരമായ നടപടികളാണ് പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് പാര്‍ട്ടി വിടുന്നവര്‍ ആരോപിക്കുന്നത്. ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാപ്രസിഡന്റായിരുന്ന ചൂഴാല്‍ നിര്‍മ്മലനെ ഏകപക്ഷീയമായി സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് ബി.ഡി.ജെ.എസ് ജില്ലാകമ്മിറ്റിയിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപവല്‍കരണം വരെ കാര്യങ്ങള്‍ എത്തിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷ കല്‍പ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ബി.ഡി.ജെ.എസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പി ഉള്‍പ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

അതിനെ തുടര്‍ന്നാണ് ബി.ഡി.ജെ.എസ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ ചേര്‍ന്ന് സംസ്ഥാനതലത്തില്‍ തന്നെ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. പുതിയ പാര്‍ട്ടി രൂപവല്‍കരണ സമ്മേളനം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രന്‍ ഉദളഘാടനം ചെയ്യും. ചൂഴാല്‍ നിര്‍മ്മലന്‍ അധ്യക്ഷത വഹിക്കും. ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഒമ്പതംഗ ഭരണസമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍.ഡി.എയില്‍ തുടരണമോ എന്നതുള്‍പ്പെടെ കാര്യങ്ങള്‍ ഈ സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

Top