തുഷാറിന് അമിത പ്രാധാന്യം കൊടുക്കുന്ന ബി.ജെ.പി നിലപാടിനെതിരെ എൻ.എസ്.എസ്?

ബി.ജെ.പിക്ക് ബി.ഡി.ജെ.എസ് കുരിശാകുന്നു. എന്‍.എസ്.എസ് നേതൃത്വത്തില്‍ കടുത്ത അതൃപ്തി കൂടി ഉടലെടുത്തതോടെ പണി പാളുമോ എന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം.

തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഏറ്റവും ഒടുവിലായി എന്‍.എസ്. എസിനെ പ്രകോപിപ്പിച്ചത്. ശബരിമല കര്‍മ്മ സമതി പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് അയ്യപ്പ ജ്യോതിയിലും നാമജപയാത്രകളിലും സഹകരിച്ച എന്‍.എസ്.എസ് നിലപാടില്‍ മാറ്റം വന്നത് കാവി പടയെ അസ്വസ്ഥമാക്കി കഴിഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ ബി.ജെ.പി പ്രതീക്ഷകള്‍ക്ക് മേലാണ് എന്‍.എസ്.എസ് നിലപാട് കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നത്.

എന്‍.എസ്.എസിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്ന വെള്ളാപ്പള്ളി നടേശനോടും മകന്‍ തുഷാറിനോടും ഒരു കാരണവശാലും സഹകരിക്കേണ്ടത്തില്ലെന്ന നിലപാടിലാണ് എന്‍.എസ്.എസ്. രണ്ടു വഞ്ചിയില്‍ കാലു ചവിട്ടി നില്‍ക്കുന്ന വെള്ളാപ്പള്ളി മാരെ മുഖവിലക്കെടുത്ത് പോകുന്ന ബി.ജെ.പി നേതൃത്വം അനുഭവത്തില്‍ പഠിക്കുമെന്ന മുന്നറിയിപ്പും എന്‍.എസ്.എസ് നേതാക്കള്‍ നല്‍കുന്നുണ്ട്.

വയനാട്ടില്‍ തുഷാറിന് മത്സരിക്കാന്‍ അവസരം നല്‍കിയതിലൂടെ ദേശീയ തലത്തില്‍ തുഷാറും എസ്.എന്‍.ഡി.പി യോഗവും ചര്‍ച്ച ചെയ്യപ്പെടുന്നത് എന്‍.എസ്.എസിലെ ഒരു വിഭാഗത്തിന് ദഹിച്ചിട്ടില്ല. സമദൂര നിലപാടില്‍ നിന്നും സംഘടന വ്യതിചലിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ബാലകൃഷ്ണപിള്ളയെ പോലുള്ള നേതാക്കളുടെ നിലപാടും എന്‍.എസ്.എസിന്റെ പുനര്‍ വിചിന്തനത്തിന് പിന്നിലുണ്ട്.

അതേ സമയം ഈഴവ വോട്ടുകളില്‍ ഒരു ചെറിയ ശതമാനത്തെ പോലും സ്വാധീനിക്കാനുള്ള ശേഷി ബി.ഡി.ജെ.എസിന് ഇല്ലെന്ന വിലയിരുത്തല്‍ ബി.ജെ.പിയിലെ തന്നെ പ്രബല വിഭാഗത്തിലും ശക്തമാണ്.വയനാട്ടില്‍ ബി.ഡി.ജെ.എസിന്റെ യഥാര്‍ത്ഥ ശക്തി പ്രകടമാകുന്നതോടെ അവര്‍ക്ക് ദേശീയ നേതൃത്വം നല്‍കുന്ന പ്രാധാന്യം കുറയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതാക്കള്‍. ബി.ഡി.ജെ.എസിനോടും വെള്ളാപ്പള്ളിയോടും എതിര്‍പ്പുള്ള സംഘപരിവാറുകാര്‍ ചതിക്കുമോ എന്ന ഭയം ബി.ഡി.ജെ.എസ് തലപ്പത്തും ഉണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഈഴവരില്‍ ബഹുഭൂരിപക്ഷവും പരമ്പരാഗതമായി ഇടതു പക്ഷത്തിന് മാത്രം വോട്ട് ചെയ്യുന്നവരാണ്. ഇവിടെ കോണ്‍ഗ്രസ്സും ഇടതുപക്ഷവും തമ്മില്‍ നേരിട്ടുള്ള മത്സരമാണെന്നും തുഷാറിനും ബിജെപിക്കും ഇവിടെ ഒരു റോളും ഇല്ലെന്നുമാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

തുഷാറിന് വയനാട്ടില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നാല്‍ അത് അദ്ദേഹത്തിന്റെ മാത്രമല്ല, ബി.ഡി.ജെ.എസിന്റെയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കും. കഴിഞ്ഞ തവണ 80,752 വോട്ടുകളാണ് ഇവിടെ മത്സരിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നേടിയിരുന്നത്. ഇതില്‍ ഒരു വോട്ട് കുറഞ്ഞാല്‍ പോലും കനത്ത പ്രഹരമാകും.

തൃശൂരില്‍ നിന്നും വയനാട്ടിലേക്ക് തുഷാര്‍ കുതിച്ചത് തന്നെ തോറ്റാലും കേന്ദ്രത്തില്‍ മന്ത്രി പദം കിട്ടുമെന്ന പ്രതീക്ഷയിലാണെന്നാണ് അണിയറ സംസാരം. മുന്‍പ് രാഹുലിനെതിരെ അമേഠിയില്‍ മത്സരിച്ച സ്മൃതി ഇറാനി പരാജയപ്പെട്ടപ്പോഴും കേന്ദ്ര മന്ത്രി പദം ബി.ജെ.പി നല്‍കിയിരുന്നു. ഈ മാതൃക തുഷാറിന്റെ കാര്യത്തിലും തുടരുമെന്ന പ്രതീക്ഷയാണ് സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നിലത്രെ . ഈ പ്രചരണവും എന്‍.എസ്.എസിനെ ചൊടിപ്പിച്ച ഘടകമാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗവും തുഷാറിന്റെ ഈ ‘സ്വപ്നം’ തകര്‍ക്കാന്‍ അണിയറയില്‍ സജീവമായിട്ടുണ്ട്.

Top