BDJS – vellappally

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യകക്ഷിയായി മത്സരിക്കുന്നതിനൊപ്പം ബദ്ധശത്രുവായ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നോമിനികളെ തോല്‍പിക്കാനും ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എ, ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ സഹായിക്കാനും വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന്റെ തന്ത്രം.

എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ഡി.ജെ.എസ് രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ഇപ്പോഴും ഊഷ്മളമായ ബന്ധമാണുള്ളത്.

തുടര്‍ഭരണം ആഗ്രഹിക്കുന്ന മുഖ്യമന്ത്രിക്കു വെള്ളാപ്പള്ളിയുടെ രഹസ്യസഹായം അനിവാര്യവുമാണ്. വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് രൂപീകരിച്ചതിനു ശേഷമാണ് എസ്.എന്‍.ഡി.പിയോഗത്തിനു ഇടുക്കി ജില്ലയില്‍ ഒരു എയ്ഡഡ് സ്‌കൂള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇതു ഇരുവരും തമ്മിലുള്ള ബന്ധത്തിനു കോട്ടം തട്ടിയിട്ടില്ലെന്നതിന്റെ തെളിവാണ്.

കോഴിക്കോട്ടെ മാന്‍ഹോള്‍ ദുരന്തത്തെത്തുടര്‍ന്നു വെള്ളാപ്പള്ളി നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്നുള്ള കേസില്‍ കോടതി കയറിയ വെള്ളാപ്പള്ളിക്കു നിയമസഹായം നല്‍കിയത് ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവായിരുന്നു.ഇതേ തുടര്‍ന്നാണ് അദ്ദേഹം യു.ഡി.എഫില്‍ നിന്നും പുറത്തായത്.

വെള്ളാപ്പള്ളിയുടെ ശത്രുപക്ഷത്തുള്ള കെ.പി.സി.സി പ്രസിഡന്റായ വി.എം സുധീരന്റെ കര്‍ശനമായ നിലപാടാണ് രാജന്‍ബാബുവിനു വിനയായത്. വെള്ളാപ്പള്ളിക്കെതിരേ ശക്തമായിമുന്നോട്ടുപോകുന്ന സുധീരനെ ടാര്‍ഗറ്റു ചെയ്താണ് ഇപ്പോള്‍ വെള്ളാപ്പള്ളിയും നീങ്ങുന്നത്.

ഇക്കാര്യത്തില്‍ തലയിടാന്‍ ബി.ജെ.പിക്കും താല്‍പ്പര്യമില്ല. ഇതിനെ തുടര്‍ന്നാണ് സുധീരന്റെ നോമിനികളെ ഏതുവിധേനയും തോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസ് പദ്ധതി തയ്യാറാക്കുന്നത്. സുധീരന്‍ അനുകൂലികളെ പരാജയെപ്പടുത്തി തിരിച്ചടിക്കുകയാണ് ലക്ഷ്യം. എ, ഐ ഗ്രൂപ്പുനേതൃത്വങ്ങളുടെ രഹസ്യപിന്തുണയും ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിക്കുണ്ട്. കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന വെള്ളാപ്പള്ളിക്കു തങ്ങളെ സഹായിക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ക്കുമറിയാം.

ഇതിനിടെ ഇടതുമുന്നണിക്കെതിരേയുള്ള വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ മനസിലാക്കി ബി.ഡി.ജെ.എസിന്റെ പ്രവര്‍ത്തനങ്ങളെ ബ്രാഞ്ചുതലങ്ങളില്‍ പ്രതിരോധിക്കാന്‍ സി.പി.എം നടപടി തുടങ്ങിക്കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ മുന്നേറ്റം കാഴ്ചവെച്ചങ്കിലും അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി ബി.ജെ.പിയെ പിന്തുണച്ചതിന്റെ പ്രത്യാഘാതം എല്‍.ഡി.എഫിനെ ഇപ്പോഴും ഇരുത്തിചിന്തിപ്പിക്കുന്നു. കഴിഞ്ഞ തവണ ഇടതുമുന്നണി വിജയിച്ച 22 മണ്ഡലങ്ങളില്‍ അവരുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ബി.ഡി.ജെ.എസ് ശ്രമിക്കുമെന്നുള്ള ആശങ്കയും നേതാക്കള്‍ക്കുണ്ട്.

പരമ്പരാഗതമായി എല്‍.ഡി.എഫിനെ പിന്തുണക്കുന്ന ഈഴവ സമുദായാംഗങ്ങളില്‍ നേരിയ വിഭാഗം ബി.ഡി.ജെ.എസിനു വോട്ടു ചെയ്താല്‍ അതു നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമാകുമെന്ന വിലയിരുത്തലുമുണ്ട്. അതനുസരിച്ചു ബി.ഡി.ജെ.എസ് മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഈഴവ സമുദായാംഗങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നുള്ള അഭിപ്രായം സി.പി.എമ്മില്‍ നേരത്തെതന്നെ ഉയര്‍ന്നിരുന്നു.

ബി.ജെ.പിയുമായുള്ള സീറ്റുചര്‍ച്ചകളെ തുടര്‍ന്നു തങ്ങള്‍ക്കു മത്സരഫലം നിശ്ചയിക്കാന്‍ കഴിയുമെന്നു കരുതുന്ന മണ്ഡലങ്ങള്‍ ബി.ഡി.ജെ.എസിനു നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തവണ എല്‍.ഡി.എഫ്. ജയിച്ച ഏറ്റുമാനൂര്‍, വാമനപുരം, കോവളം, ഇരവിപുരം, കൊല്ലം, റാന്നി, തിരുവല്ല, കുന്നത്തൂര്‍, കുട്ടനാട്, കരുനാഗപ്പള്ളി, കായംകുളം, അരൂര്‍, ചേര്‍ത്തല, വൈക്കം, ഉടുമ്പന്‍ചോല, വൈപ്പിന്‍,കാഞ്ഞങ്ങാട്, ചാലക്കുടി, കൈപ്പമംഗലം, നാട്ടിക, ഷൊര്‍ണൂര്‍, പേരാമ്പ്ര, എന്നിവിടങ്ങളില്‍ ബി.ഡി.ജെ.എസിനു സ്വാധീനമുണ്ടെന്നാണ് അവകാശവാദം.

Top