ബി.ഡി.ജെ.എസുമായി സഹകരിച്ചാൽ ഇളകുക, ഇടതുപക്ഷത്തിന്റെ അടിവേര് !

ങ്കുറപ്പ് എന്ന ഒന്നുണ്ടെങ്കില്‍ ആദ്യം ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാവുകയാണ് വേണ്ടത്. രണ്ട് വള്ളത്തില്‍ കാല് വയ്ക്കുന്ന ഏര്‍പ്പാട് ഒരു രാഷ്ട്രിയ പാര്‍ട്ടിയും വകവച്ച് കൊടുക്കാന്‍ പാടില്ല. സി.പി.എമ്മും ഈ നിലപാടാണ് ശരിക്കും സ്വീകരിക്കേണ്ടത്.

അരൂരില്‍ മത്സരിക്കേണ്ടതില്ലന്ന ബി.ഡി.ജെ.എസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയാണുള്ളത്. അതൊരിക്കലും കാവി രാഷ്ട്രീയത്തിന് അനുകൂലമല്ല. സി.പി.എം സിറ്റിംഗ് സീറ്റില്‍ ചെമ്പടക്ക് വിജയം ഉറപ്പാക്കാനാണ് ബി.ഡി.ജെ.എസിന്റെ പിന്‍മാറ്റമെന്ന കാര്യം ഉറപ്പാണ്. ഇതിന് പിന്നില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്നാണ് പുറത്ത് വരുന്ന വിവരം.

ചെക്ക് കേസില്‍ അകത്തായ ബിഡിജെഎസ് പ്രസിഡന്റിനെ ഇറക്കാന്‍ ഇടപെട്ട മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കെതിരെ എന്ത് പറഞ്ഞാണ് ബി.ഡി.ജെ.എസ് വോട്ട് പിടിക്കുക എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ഇടതുപക്ഷത്തിനായിരിക്കുമെന്ന കാര്യം എന്തായാലും ഉറപ്പാണ്. പാലാ തിരഞ്ഞെടുപ്പില്‍ പരസ്യമായി തന്നെ അക്കാര്യം വെള്ളാപ്പള്ളി തുറന്ന് പറഞ്ഞു കഴിഞ്ഞിട്ടുള്ളതുമാണ്. വെള്ളാപ്പള്ളി ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ തുഷാറും ബി.ഡി.ജെ.എസും വേറെ നിലപാട് സ്വീകരിച്ചിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ജനങ്ങള്‍ക്കിടയിലും അവരുടെ പ്രവര്‍ത്തകര്‍ക്കിടയിലും അപഹാസ്യരാവാന്‍ മാത്രമേ അത്തരമൊരു നിലപാട് വഴിവയ്ക്കൂകയുള്ളൂ.

ഈഴവ വിഭാഗത്തിന് സ്വാധീനമുള്ള കോന്നിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അടൂര്‍ പ്രകാശിനെ ആയിരുന്നു വെള്ളാപ്പള്ളി പിന്തുണച്ചിരുന്നത്. എന്നാലിപ്പോള്‍ അടൂര്‍ പ്രകാശ് വെള്ളാപ്പള്ളിയെ സംബന്ധിച്ച് കുലം കുത്തിയാണ്. ഇതര സമുദായത്തില്‍പ്പെട്ട വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ചതാണ് ഈ എതിര്‍പ്പിന് പ്രധാന കാരണം. ഇത്തരം സങ്കുചിത താല്‍പ്പര്യം മുന്നോട്ട് വയ്ക്കുന്ന വെള്ളാപ്പള്ളി ആരെ പിന്തുണച്ചാലും അവരായിയിരിക്കും യഥാര്‍ത്ഥത്തില്‍ ഇനി തിരിച്ചടി നേടേണ്ടി വരിക.

ബി.ഡി.ജെ.എസിന് എന്‍.ഡി.എ. അനുവദിച്ച അരൂരില്‍ മത്സരിക്കേണ്ടെന്ന നേതൃത്ത്വത്തിന്റെ തീരുമാനത്തിന്റെ കാരണം തന്നെ വിചിത്രമാണ്. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നത്. ഇതില്‍ കൂടുതല്‍ എന്ത് പരിഗണനയാണ് ബി.ഡി.ജെ.എസിന് ബി.ജെ.പി നല്‍കേണ്ടതെന്ന കാര്യംകൂടി തുഷാര്‍ ഇനി വ്യക്തമാക്കണം. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയെ മുന്നണിയിലെടുത്തതും സ്പൈസസ് ബോര്‍ഡ് അടക്കമുള്ള കേന്ദ്ര സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ടിക്കുകയും ചെയ്ത ബി.ജെ.പിക്കാണ് ശരിക്കും ഇവിടെ വലിയ പിഴവ് പറ്റിയിരിക്കുന്നത്.

സംസ്ഥാനത്ത് എന്‍.ഡി.എ. സംവിധാനം തിരഞ്ഞെടുപ്പുകാലത്തുമാത്രം ഉണ്ടാകുന്ന ഒന്നാണെന്നും ബി.ഡി.ജെ.എസ്. നേരിടുന്ന അവഗണനയ്ക്ക് ബി.ജെ.പി.യാണ് ഉത്തരവാദിയെന്നുമാണ് തുഷാറിന്റെ മറ്റൊരാരോപണം. ഈ പറയുന്നതില്‍ യാഥാര്‍ത്ഥ്യം വല്ലതുമുണ്ടെങ്കില്‍ മുന്നണിയില്‍ നിന്നും പുറത്ത് പോയാണ് പ്രതികരിക്കേണ്ടിയിരുന്നത്. ഇതൊരുമാതിരി തോളിലിരുന്ന് ചെവി തിന്നുന്ന ഏര്‍പ്പാടായിപ്പോയി.

എന്‍.ഡി.എയില്‍ നിന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ലന്ന് കണ്ട് മുന്നണി മാറ്റത്തിനാണിപ്പോള്‍ ബി.ഡി.ജെ.എസ് നിലവില്‍ ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിക്കുന്ന വെള്ളാപ്പള്ളി, 2021ല്‍ യു.ഡി.എഫിനെ സഹായിക്കാനാണ് സാധ്യത. അത്തരമൊരു സാഹചര്യത്തില്‍ ബി.ഡി.ജെ.എസ് യു.ഡി.എഫിന്റെ ഭാഗമായാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. ഉമ്മന്‍ചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് വെള്ളാപ്പള്ളി നടേശനുള്ളത്. ഈ അവസരവാദ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചാല്‍ ഒടുവില്‍ അനുഭവിക്കേണ്ടി വരിക സി.പി.എം തന്നെയാണ്.

സംസ്ഥാനത്ത് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളുടെ കുരുക്കും, ശാശ്വതീകാനന്ദ സ്വാമിയുടെ മരണമുയര്‍ത്തിയ വിവാദങ്ങളുമാണ് വെള്ളാപ്പള്ളിയുടെ പിണറായി സ്നേഹത്തിന് പിന്നിലെന്ന കാര്യം സി.പി.എം നേതൃത്വവും തിരിച്ചറിയണം. ആര്‍.എസ്.എസ് ഉല്‍പ്പന്നമായി പിറവിയെടുത്തതാണ് ബി.ഡി.ജെ.എസ് എന്ന് ആദ്യം പറഞ്ഞത് സി.പി.എമ്മാണ്. മകനെ പുതിയ പാര്‍ട്ടിയുടെ തലപ്പത്ത് പ്രതിഷ്ടിച്ചതും സംഘ പരിവാര്‍ പാളയത്തില്‍ ആ പാര്‍ട്ടിയെ കൊണ്ടു പോയി കെട്ടിയതും വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ്.’ശ്രീനാരായണ ഗുരു ജീവിച്ചിരുന്നു എങ്കില്‍’ എന്ന് എസ്.എന്‍.ഡി.പി വിഭാഗക്കാര്‍ ആലോചിച്ച് പോയ സന്ദര്‍ഭമായിരുന്നു അത്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി നടേശന്‍ ഒരു പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ ആ പാര്‍ട്ടിക്ക് പിന്നാലെ പോകുന്നവരല്ല ഇവിടുത്തെ ഈഴവ വിഭാഗം. രാഷ്ട്രീയ കേരളത്തില്‍ അത്തരമൊരു പരിപ്പ് വേവാത്തത് കൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട്ടില്‍ കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടിരുന്നത്. ഈഴവ വിഭാഗത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമായിട്ടും ആ വിഭാഗം തുഷാറിനെ കൈവിട്ടത് ബി.ജെ.പി നേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു ശക്തനായ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഇവിടെ മത്സരിച്ചിരുന്നതെങ്കില്‍ കെട്ടിവച്ച കാശെങ്കിലും ലാഭിക്കാമായിരുന്നു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയെയും സ്വന്തം സമുദായംഗങ്ങളിലെ പോലും ഭൂരിപക്ഷവും നിലവില്‍ അംഗീകരിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യം സി.പി.എമ്മും ബി.ജെ.പിയും കോണ്‍ഗ്രസ്സുമെല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റു സമുദായ നേതാക്കളില്‍ നിന്നും വിഭിന്നമായി ഇവരുടെ മനോഭാവത്തിന് എതിരാണ് പൊതുവികാരം. ഇക്കൂട്ടരുടെ പിന്തുണ തേടുന്നവര്‍ ആ ഒറ്റ കാരണം മതി സ്വന്തം സ്ഥാനാര്‍ത്ഥി തോല്‍ക്കാനെന്ന യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയുന്നത് നല്ലതാണ്.

കേരളത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ഈഴവ വിഭാഗങ്ങളും അണിനിരന്നിരിക്കുന്നത് ചെങ്കൊടിക്ക് കീഴിലാണ്. വെള്ളാപ്പള്ളിമാരും എസ്.എന്‍.ഡി.പി യോഗ നേതൃത്വവും ഒറ്റക്കെട്ടായി എതിര്‍ത്ത കാലത്ത് പോലും ഈ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ചെങ്കൊടിയെ മാറോട് പുണര്‍ന്ന ഒരു ജനതയുടെ രാഷ്ട്രീയ ബോധമാണ് അവിടെ വിജയിച്ചത്.

ആരിഫ് ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചതും ഇടതുപക്ഷത്തിന്റെ കരുത്ത് കൊണ്ട് മാത്രമാണ്. അല്ലാതെ വെള്ളാപ്പള്ളിയുടെ ആഹ്വാനം കൊണ്ടല്ല.അവസരവാദ രാഷ്ട്രീയത്തെ സി.പി.എം കൂട്ട് പിടിച്ചാല്‍ പക്ഷേ ചിത്രം മാറും. അപ്രതീക്ഷിത പ്രഹരമാണ് അപ്പോള്‍ നേരിടേണ്ടി വരിക.

അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷത്തെ സംബന്ധിച്ച് അതിനിര്‍ണ്ണായകമണ്. അരൂര്‍ നിലനിര്‍ത്തുന്നതോടൊപ്പം വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ മുന്നേറ്റം തടയേണ്ടതുമുണ്ട്.

ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയെ നിഷ്‌ക്രിയമാക്കിയാല്‍ ഈ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാമെന്നാണ് കണക്ക് കൂട്ടലെങ്കില്‍ അത് തെറ്റാണ്. കാരണം ബി.ജെ.പി വോട്ട് ബാങ്ക് ഉലക്കാന്‍ തക്ക കരുത്തൊന്നും ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിക്കില്ല. ആ പാര്‍ട്ടി മുന്നണിയിലില്ലങ്കിലാണ് ശരിക്കും ബി.ജെ.പി പോലും മാസാകുക. ബി.ജെ.പിക്ക് ലഭിച്ചു കൊണ്ടിരുന്ന മുന്നോക്ക വോട്ടുകളില്‍ ഒരു ഭാഗം നഷ്ടപ്പെട്ടത് തന്നെ ബി.ഡി.ജെ.എസിന്റെ സാന്നിധ്യം മൂലമാണ്. ഇക്കാര്യം രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ബി.ജെ.പിയും സി.പി.എമ്മും ഇവിടെ ചെയ്യേണ്ടത്. ഈ രണ്ട് പാര്‍ട്ടികളിലെയും അണികളും അനുഭാവികളും ആഗ്രഹിക്കാത്ത പിന്തുണ ആരുടെ ഭാഗത്ത് നിന്നും സ്വീകരിച്ചാലും അത് തിരിച്ചടിക്കും. ഒരു വോട്ട് പോലും ഫലത്തെ സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്ന് ഓര്‍ത്തിട്ട് വേണം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍.ഇനിയും വെള്ളാപ്പള്ളിമാരുടെയും ബി.ഡി.ജെ.എസിന്റെയും പിന്നാലെ പോവാന്‍ ശ്രമിച്ചാല്‍ വിനാശകാലേ വിപരീത ബുദ്ധി എന്നുതന്നെ പറയേണ്ടി വരും.

Political Reporter

Top