ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് പാരയോ ? എൻ.എസ്.എസ് നിലപാടിൽ അത് വ്യക്തം

ബി.ജെ.പിയെ എന്‍.എസ്.എസ് കൈവിട്ടത് ബി.ഡി.ജെ.എസ് സാന്നിധ്യം മൂലമെന്ന് സൂചന. തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കുന്ന പരിഗണനയില്‍ എന്‍.എസ്.എസ് നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു. പരസ്യമായി എന്‍.എസ്.എസ് നേതൃത്വത്തെ അപമാനിച്ച വെള്ളാപ്പള്ളിയോടുള്ള രോഷവും മറ്റൊരു കാരണമായി.

വെള്ളാപ്പള്ളി വനിതാ മതിലിന് നേതൃത്വം നല്‍കുമ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി.ഡി.ജെ.എസും എന്‍.ഡി.എയില്‍ തുടര്‍ന്നത് തന്ത്രപരമാണെന്നാണ് എന്‍.എസ്.എസ് കരുതുന്നത്. ഇത് കേവലം വ്യക്തിപരമായ നേട്ടം മുന്‍ നിര്‍ത്തി മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന് ഇക്കാര്യം അറിയാമെങ്കിലും ബി.ജെ.പി അറിഞ്ഞില്ലന്ന് നടിച്ചതിലാണ് രോഷം. രാഹുല്‍ ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അമിത് ഷാ പ്രഖ്യാപിച്ചതും എന്‍.എസ്.എസിനെ ചൊടിപ്പിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ രൂപം കൊണ്ട എന്‍.എസ്.എസ് – സംഘപരിവാര്‍ ഐക്യം പൊളിഞ്ഞത് ഇവിടെയാണ്.പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എന്‍.എസ്.എസ് വോട്ടുകള്‍ ലഭിക്കാത്തത് തിരിച്ചടിക്ക് കാരണമായതായാണ് ബി.ജെ.പി വിലയിരുത്തല്‍. പ്രത്യേകിച്ച് തിരുവനന്തപുരത്ത് നല്ല വിജയസാധ്യത ഉണ്ടായിരുന്നു.

എന്‍.എസ്.എസ് വോട്ടുകള്‍ ലഭിക്കാത്തതാണ് പരാജയത്തിന് കാരണമെന്ന് കുമ്മനം രാജശേഖരനും ഒ.രാജഗോപാലും തുറന്ന് പറഞ്ഞു കഴിഞ്ഞു. നായര്‍ വോട്ടുകള്‍ ഏറെയുള്ള തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. പത്തനം തിട്ടയിലെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ബൂത്തടിസ്ഥാനത്തില്‍ എന്‍.എസ്.എസിന്റെ എത്ര വോട്ടുകള്‍ നഷ്ടമായി എന്ന് പരിശോധിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ തീരുമാനം.

ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്തതില്‍ ആര്‍.എസ്.എസ് നേതൃത്വവും കലിപ്പിലാണ്. ബി.ജെ.പി നേതൃത്വത്തിലെ പാരവയ്പ് തോല്‍വിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആര്‍.എസ്.എസ് തങ്ങളുടേതായ രീതിയില്‍ ഒരു പരിശോധന തന്നെ ഇക്കാര്യത്തില്‍ നടത്തുന്നുണ്ട്.

പത്തനംതിട്ടയിലും തൃശൂരിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയ നടപടിയിലും ആര്‍.എസ്.എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പിന്നോക്കം പോകാന്‍ ഈ വൈകലും കാരണമായിരുന്നു. ശ്രീധരന്‍പിള്ളയുടെ ചില നിലപാടുകളും പ്രവര്‍ത്തികളും പരാജയത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു വെന്ന അഭിപ്രായവും ആര്‍.എസ്.എസ് തലപ്പത്തുണ്ട്.

ബി.ജെ.പി കേന്ദ്ര നേതൃത്വവും കേരളത്തില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിയാത്തതില്‍ നിരാശരാണ്. നാഷണല്‍ മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം ചര്‍ച്ചയാക്കിയതും ബി.ജെ.പിക്ക് തിരിച്ചടിയായി. ഇടതുപക്ഷം കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചത് കൊണ്ടാണ് പരാജയം സംഭവിച്ചതെന്നാണ് നേതൃത്വം മറുപടി നല്‍കിയിരുന്നത്. കേരളത്തിലെ ബി.ജെ.പി ഇങ്ങനെ പോയാല്‍ ശരിയാവില്ലന്ന നിലപാടും ദേശീയ നേതൃത്വത്തിനുണ്ട്.

ബി.ജെ.പിയില്‍ അടിമുടി ഒരു മാറ്റം വരുത്തണമെന്ന കര്‍ക്കശ നിലപാടിലാണ് ആര്‍.എസ്.എസ് നേതാക്കള്‍. കെ.സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശം ആര്‍.എസ്.എസിനും ഇപ്പോഴുണ്ട്. ആറു മാസത്തിനകം നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പാണ് കാവിപടയുടെ മുന്നിലെ പ്രധാന വെല്ലുവിളി. ഇതില്‍ മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ വെറും 89 വോട്ടിനാണ് സുരേന്ദ്രന്‍ പി.ബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. കെ.മുരളീധരന്‍ ജയിച്ച വട്ടിയൂര്‍ക്കാവും കോന്നിയും ബി.ജെ.പി വലിയ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും ഇപ്പോഴത്തെ വോട്ടിങ് നിലവച്ച് ശ്രമിച്ചാല്‍ വിജയിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കണക്കുകൂട്ടല്‍.

ഇപ്പോഴുണ്ടായ തിരിച്ചടി മറികടക്കാന്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിക്ക് അനിവാര്യമാണ്. ലോക് സഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ഇടതുപക്ഷവും സര്‍വ്വ ശക്തിയും എടുത്ത് രംഗത്തിറങ്ങും. അഞ്ചില്‍ ഒരു സിറ്റിംഗ് സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിന് ഒള്ളൂവെങ്കിലും കൂടുതലെണ്ണം പിടിച്ചെടുത്ത് ക്ഷീണം തീര്‍ക്കാനാണ് ചെമ്പട ശ്രമിക്കുക.യു.ഡി.എഫിനാകട്ടെ അഭിമാന പോരാട്ടമായിരിക്കും ഇത്. കൈവശമുള്ള അഞ്ച് സീറ്റുകളും ഉറച്ച കോട്ടകളാണ്. അതില്‍ ഒന്ന് നഷ്ടമായാല്‍ പോലും വലിയ പ്രഹരമാകും.

വോട്ടിങ് ശതമാനത്തിലെ വര്‍ദ്ധനവാണ് മൂന്ന് മണ്ഡലങ്ങളിലും പ്രതീക്ഷ അര്‍പ്പിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിന്‍ വന്നതും അവരെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കേന്ദ്ര സഹായവും വേണ്ടവോളം ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചേക്കും.

ഇതിനിടെ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രി പദം ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളും ശക്തമായിട്ടുണ്ട്. കുമ്മനത്തെ തന്നെ മന്ത്രിയാക്കണമെന്നതാണ് ആര്‍.എസ്.എസ് താല്‍പ്പര്യം. അങ്ങനെ വന്നാല്‍ മറ്റു ഏതെങ്കിലും സംസ്ഥാനത്ത് നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടി വരും. മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും വി.മുരളിധരനുമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റു രണ്ടുപേര്‍. ഇവര്‍ രണ്ടുപേരും നിലവില്‍ രാജ്യസഭാംഗങ്ങളാണ്. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് നിലപാടും നിര്‍ണ്ണായകമാകും. ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും രാജിവച്ച് വന്ന നേതാവായതിനാല്‍ കുമ്മനത്തിന് ഏതെങ്കിലും ഒരു ഉന്നത പദവി ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുമ്മനത്തോട് പ്രത്യേക താല്‍പ്പര്യമുണ്ടെന്നാണ് സൂചന. കുമ്മനത്തിന് ലഭിക്കുന്നത് കേന്ദ്ര മന്ത്രി പദമാണോ, മറ്റേതെങ്കിലും പദവികളാണോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. എന്നാല്‍ സംഘടനാ രംഗത്ത് തുടരാനാണ് തനിക്ക് താല്‍പ്പര്യമെന്നാണ് കുമ്മനം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

Top