ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിനൊരുങ്ങുമ്പോൾ ഉയർന്ന വിമർശനവുമായി ബിസിസിഐ

ന്യൂസീലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിനൊരുങ്ങുമ്പോള്‍ ഉയര്‍ന്ന ഒരു വിമര്‍ശനമായിരുന്നു ബിസിസിഐ രായ്ക്കുരാമാനം പിച്ച് മാറ്റിയെന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഫ്രഷ് പിച്ചായ ഏഴില്‍ കളിക്കേണ്ട കളി യൂസ്ഡ് പിച്ചായ ആറിലേക്ക് മാറ്റിയെന്നതായിരുന്നു വിമര്‍ശനം. ഇതിനു ചുവടുപിടിച്ച് അതിശക്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പക്ഷേ, സെമി ഫൈനല്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളിലുമായി വീണ 14 വിക്കറ്റില്‍ 13 എണ്ണവും നേടിയത് പേസര്‍മാര്‍.

ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ ആകെ നാല് വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ മൂന്നെണ്ണം ടിം സൗത്തിയും ഒരെണ്ണം ട്രെന്റ് ബോള്‍ട്ടും നേടി. ന്യൂസീലന്‍ഡിനായി പന്തെറിഞ്ഞ സ്പിന്നര്‍മാരില്‍ മിച്ചല്‍ സാന്റ്‌നര്‍ 10 ഓവറില്‍ വെറും 51 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ രചിന്‍ രവീന്ദ്ര 7 ഓവറില്‍ 60 റണ്‍സ് വഴങ്ങി. പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ ഫിലിപ്‌സ് 5 ഓവറില്‍ വിട്ടുനല്‍കിയത് 33 റണ്‍സ്.മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷമി ഏഴ് വിക്കറ്റെടുത്ത് ന്യൂസീലന്‍ഡിന്റെ നടുവൊടിച്ചപ്പോള്‍ ബുംറയും സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കളിയില്‍ ആകെ സ്പിന്നറിനു ലഭിച്ച ഒരേയൊരു വിക്കറ്റ് നേടിയത് കുല്‍ദീപ് യാദവ്. 10 ഓവറില്‍ 56 റണ്‍സാണ് കുല്‍ദീപ് വഴങ്ങിയത്. ജഡേജ 10 ഓവര്‍ എറിഞ്ഞ് 63 റണ്‍സ് വിട്ടുനല്‍കി.

ഫ്രഷ് പിച്ചില്‍ കളിക്കുമ്പോള്‍ പ്രത്യേകിച്ച് ആര്‍ക്കും അങ്ങനെ ആനുകൂല്യം ലഭിക്കില്ല. ഇനിഷ്യല്‍ ഓവറുകളില്‍ പേസര്‍മാര്‍ നേട്ടമുണ്ടാക്കുകയും പിച്ച് പഴകുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍, യൂസ്ഡ് പിച്ച് ആണെങ്കില്‍ പിച്ച് സ്ലോ ആയിരിക്കും. അത്തരം പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് നല്ല പ്രകടനം നടത്താനാവും. ഇതിനു വേണ്ടിയാണ് ഇന്ത്യ പിച്ച് മാറ്റിയത് എന്നായിരുന്നു ആരോപണം.ഐസിസിയുടെ അനുമതിയില്ലാതെയാണ് ബിസിസിഐ പിച്ച് മാറ്റിയതെന്നും ഡെയിലി മെയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, പിച്ച് മാറ്റത്തിന് ഐസിസി അനുമതി നല്‍കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

 

Top