ബിസിസിഐ 455 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

BCCI

കറാച്ചി: ബിസിസിഐ 455 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്.

പാക്കിസ്ഥാനില്‍ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പര കളിക്കാതിരുന്നതിന്റെ നഷ്ടപരിഹാരമായാണ് 70 ദശലക്ഷം ഡോളര്‍ പിസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസി തര്‍ക്കപരിഹാര സമിതിക്കുമുമ്പാകെ പിസിബി ഉടന്‍ പരാതി നല്‍കും.

ആറ് ദ്വിരാഷ്ട്ര പരമ്പര കളിക്കാന്‍ ബിസിസിഐ തങ്ങളുമായി 2014-ല്‍ കരാര്‍ ഒപ്പിട്ടു. ഇതില്‍ ആദ്യ പരമ്പര പാക്കിസ്ഥാനില്‍ നടക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് ഇതുവരെയും നടന്നിട്ടില്ലെന്നും പിസിബി ചെയര്‍മാന്‍ നജം സേത്തി പറഞ്ഞു.

പാക്കിസ്ഥാനുമായി കളിക്കുന്നതിന് യാതൊരു പ്രശ്നങ്ങളുമില്ലാതിരിക്കെ 2008 മുതല്‍ തങ്ങളുമായി ദ്വിരാഷ്ട്ര പരമ്പര കളിക്കുന്നതില്‍നിന്നും ഇന്ത്യ പിന്‍മാറിയെന്നും സേത്തി വ്യക്തമാക്കി.

2015 മുതല്‍ 2023 വരെ ആറ് ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കുന്നതിനാണ് ബിസിസിഐയുമായി കരാറിലായത്. തങ്ങളുടെ ഹോം മാച്ചുകള്‍ ഇരുരാജ്യങ്ങള്‍ക്കും സമ്മതമുള്ള നിഷ്പക്ഷ വേദിയില്‍ കളിക്കാമെന്നുവരെ നിര്‍ദേശം വച്ചതാണെന്നും പിസിബി ചെയര്‍മാന്‍ പറയുന്നു. നിഷ്പക്ഷ വേദിയില്‍പോലും കളിക്കാന്‍ ഇന്ത്യ തയാറാകാത്തതു മൂലം പിസിബിക്ക് കനത്ത നഷ്ടമാണ് ബിസിസിഐ വരുത്തിവച്ചിരിക്കുന്നത്. കൂടിയാലോചനകള്‍ക്കു ശേഷം എത്രയും വേഗം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി നല്‍കുമെന്നും പിസിബി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Top