പാക്കിസ്ഥാന്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

മുംബൈ: പാക്കിസ്ഥാൻ വേദിയാവുന്ന ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിൻമാറിയാൽ അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന പാക് ക്രിക്കറ്റ് ബോർഡിൻറെ നിലപാടിനോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യയോട് ആരും ഭീഷണി സ്വരത്തിൽ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയിൽ കളിക്കാൻ ക്ഷണിക്കും. നിരവധി ലോകകപ്പുകൾ വിജയകരമായി നടത്തിയവരാണ് നമ്മൾ. പാക്കിസ്ഥാൻ മുമ്പും നിരവധി തവണ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ആരും നിർദേശം നൽകേണ്ട കാര്യമില്ല. അത് കേൾക്കാൻ ഞങ്ങൾ തയാറുമല്ല. അടുത് വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ എല്ലാ ടീമുകളും പങ്കെടുക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. കാരണം കായികലോകത്ത് ഇന്ത്യയെ അവഗണിച്ച് മുന്നോട്ടുപോവാനാവില്ല. പ്രത്യേകിച്ച് ക്രിക്കറ്റിൽ. അതുകൊണ്ട് അടുത്തവർഷത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടത്തും. അത് ചരിത്ര സംഭവമായി മാറ്റുകയും ചെയ്യും.

ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കണോ എന്നത് ബിസിസിഐ ആണ് തീരുമാനിക്കേണ്ടത്. എന്നാൽ ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പോയി കളിക്കുന്ന കാര്യത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും. അതിൽ ക്രിക്കറ്റ് മാത്രമല്ല പരിഗണനാ വിഷയം. മറ്റുള്ളവരുടെ ഉപദേശം ഞങ്ങൾക്ക് ആവശ്യമില്ല-അനുരാഗ് ഠാക്കൂർ പറഞ്ഞു,

Top