വിക്കറ്റ് കീപ്പിങ് ഗ്ലൗസ് വിവാദം; ധോണിയെ പിന്തുണച്ച് ബി.സി.സി.ഐ.

വിക്കറ്റ് കീപ്പിങ് ഗ്ലൗസ് വിവാദത്തില്‍ ധോണിയെ പിന്തുണച്ച് ബി.സി.സി.ഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും സൈനിക മുദ്രയുള്ള ഗ്ലൗസ് ധരിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ഐ.സി.സിക്ക് ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി. മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളല്ല ധോണി ധരിച്ചത്. അതു ഒരു രാജ്യത്തിന്റെ അഭിമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ഐ.സി.സിക്ക് വിയോജിപ്പുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല, രാജീവ് ശുക്ല വ്യക്തമാക്കി.

ജൂണ്‍ 5ന് നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരത്തിലാണ് ധോണി സൈനിക ചിഹ്നങ്ങളുള്ള കീപ്പിങ് ഗ്ലൗസ് ധരിച്ചത്. പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ചിഹ്നമായിരുന്നു ഗ്ലൗസില്‍ ഉണ്ടായിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഐ.സി.സി രംഗത്ത് എത്തിയത്.

Top