ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ കൈക്കൂലി അഴിമതിയെ കുറിച്ച് ബി സി സി ഐ അന്വേഷണം

BCCI-CRICKET

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ കൈക്കൂലി അഴിമതിയെ കുറിച്ച് അന്വേഷിക്കുമെന്ന് ബി സി സി ഐ ആന്റി കറപ്ഷന്‍ സംഘം. അസോസിയേഷനിലെ അംഗവും ഐ പി എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ലയുടെ പേര്‍സണല്‍ സ്റ്റാഫില്‍പെട്ട ഒരാള്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഒരു ചാനല്‍ ശുക്ലയുടെ സ്റ്റാഫായ അക്രം സെയ്ഫിയുടെ ഫോണ്‍ സംഭാഷണം പുറത്തു വിടുന്നത്. ശര്‍മയുടെ സംസ്ഥാന ടീമില്‍ സെലക്ഷനില്‍ കേറണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു ഫോണ്‍ സംഭാഷണം. ക്രിക്കറ്റ് താരം രാഹുല്‍ ശര്‍മയുമായുള്ള സംഭാഷണമായിരുന്നു ഇത്.

നിലവില്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ് ശുക്ല.

‘സംഭവത്തെ കുറിച്ച് തങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ചാനലിനോട് സംഭാഷണത്തിന്റെ ഓഡിയോയുടെ സത്യാവസ്ഥ ചോദിച്ചു, ക്രിക്കറ്റ് താരത്തിന് ഇതില്‍ പങ്കുണ്ടോ എന്നകാര്യവും അന്വേഷിക്കും. കൂടാതെ ഇതുമായി ബന്ധപ്പെട്ടവരോട് ഉടന്‍ തന്നെ സംസാരിക്കുമെന്നും ഇപ്പോള്‍ സംഭവത്തെ കുറിച്ച് കൂടുതലൊന്നും പറയാനാവില്ല’ ബി സി സി ഐ എ സി യു ചീഫ് അജിത് സിങ് പറഞ്ഞു.

അതേസമയം സെയ്ഫി ഈ വാദങ്ങളെല്ലാം തള്ളി കളഞ്ഞു. ഏത് അന്വേഷണം നേരിടാനും തങ്ങള്‍ തയ്യാറാണെന്നും ഈ സംഭാഷണത്തെ കുറിച്ച് ഒന്നും പറയാനാവില്ലെന്നും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി യുദ്ധ് വീര്‍ സിങ് പറഞ്ഞു. കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ അഴിമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ശര്‍മയ്ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ശുക്ല ഇതുവരെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

പേര്‍സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നത് ബി സി സി ഐ അല്ല അവരെ നിയമിക്കുന്നത് അതാത് അസോസിയേഷന്‍ ആണ്. സ്റ്റാഫുകളുടെ ശമ്പളം മാത്രമേ തങ്ങള്‍ നല്‍കുന്നുള്ളു എന്ന് ബി സി സി ഐ അംഗം അറിയിച്ചു. ആരോപണങ്ങള്‍ ശരിയല്ലെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്ഫ് ആവശ്യപ്പെട്ടു.

Top