കടുപ്പിച്ച് ബിസിസിഐ;ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും വാര്‍ഷിക കരാറില്‍നിന്ന് പുറത്ത്

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍നിന്ന് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും പുറത്തായി. താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നാണ് നിബന്ധന. എന്നാല്‍, ഇരുവരും വിട്ടുനിന്നതാണ് കരാറില്‍നിന്ന് പുറത്താവാന്‍ കാരണമെന്നാണ് സൂചന. 2023- 24 വര്‍ഷത്തേക്കുള്ള കരാറാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്.

ആഭ്യന്തരക്രിക്കറ്റില്‍ മുംബൈ താരമാണ് ശ്രേയസ് അയ്യര്‍. ഇഷാന്‍ ഝാര്‍ഖണ്ഡിന്റെ താരവും. നടുവേദന കാരണംപറഞ്ഞാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍നിന്ന് ശ്രേയസ് പിന്‍വാങ്ങിയത്. മാനസിക സമ്മര്‍ദമാണ് ഇഷാന്‍ പറഞ്ഞ കാരണം. എന്നാല്‍, മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ ഐ.പി.എല്‍. പരിശീലനം നടത്തിവരികയായിരുന്നു. ആഭ്യന്തരക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ ബി.സി.സി.ഐ. താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിങ്കു സിങ്ങും തിലക് വര്‍മയുമാണ് പുതിയതായി കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ടു.

Top